മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ അജിങ്ക്യ രഹാനെയെയാണ് സെലക്‌ടര്‍മാര്‍ ഉപനായകനായി തെരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ ചേതേശ്വര്‍ പുജാരയ്‌ക്ക് പകരക്കാരനായാണ് രഹാനെയ്‌ക്ക് ചുമതല നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഭേദപ്പെട്ട പ്രകടനം നടത്താന്‍ അജിങ്ക്യ രഹാനെയ്‌ക്ക് കഴിഞ്ഞിരുന്നു.
ഇതിന് മുന്നെ റണ്‍വരള്‍ച്ച നേരിട്ട താരം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 18 മാസത്തോളം ദേശീയ ടീമില്‍ ഇടം കണ്ടെത്താന്‍ കഴിയാതിരുന്ന 35-കാരന്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നടത്തിയ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരിച്ചുവരവ് നടത്തിയത്. വിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്കായി നിര്‍ണായക പ്രകടനം നടത്താന്‍ രഹാനെയ്‌ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ താരത്തിന് ഉപനായക പദവി നല്‍കിയ സെലക്‌ടര്‍മാരുടെ തീരുമാനം തനിക്ക് മനസിലാകുന്നില്ലെന്നാണ് ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി പ്രതികരിച്ചിരിക്കുന്നത്. 18 മാസത്തോളം ടീമിന് പുറത്തിരുന്ന അജിങ്ക്യ രഹാനെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനം നേടിയതിന് പിന്നിലെ 'യുക്തി' തനിക്ക് മനസിലാകുന്നില്ലെന്നാണ് ഗാംഗുലി പറയുന്നത്.
സെലക്ഷൻ പ്രക്രിയയിൽ സ്ഥിരതയും തുടർച്ചയും വേണമെന്നും ഇന്ത്യയുടെ മുന്‍ നായകന്‍ പറഞ്ഞു. വിദേശത്തായാലും സ്വന്തം മണ്ണിലായാലും ഇന്ത്യയുടെ ടെസ്റ്റ് ഇലവനിൽ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പുള്ള രവീന്ദ്ര ജഡേജയെ ഈ റോളിലേക്ക് പരിഗണിക്കാമായിരുന്നുവെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.
"സെലക്‌ടര്‍മാരുടെ ഈ നടപടി പിന്നോട്ടുള്ള ഒരു ചുവടുവയ്‌പ്പാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇത് ഭാവിയിലേക്കുള്ള നീക്കമല്ല. കഴിഞ്ഞ 18 മാസത്തോളം അവന്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇപ്പോള്‍ തിരിച്ചെത്തി ഒരു ടെസ്റ്റ് കളിച്ചതിന് ശേഷം ഇന്ത്യന്‍ ടീമിന്‍റെ ഉപനായകനുമാവുന്നു. ആ ചിന്തയ്‌ക്ക് പിന്നിലെ യുക്തി എന്താണെന്ന് എനിക്ക് മനസിലാവുന്നതേയില്ല.
സ്വന്തം മണ്ണിലും വിദേശത്തും പ്ലേയിങ് ഇലവനില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പുള്ള രവീന്ദ്ര ജഡേജയെ പോലുള്ള താരങ്ങളെ ഈ റോളിലേക്ക് പരിഗണിക്കാവുന്നതായിരുന്നു. സെലക്ഷൻ പ്രക്രിയയിൽ സ്ഥിരതയും തുടർച്ചയും വേണമെന്നാണ് എനിക്ക് പറയാനുള്ളത്" - സൗരവ് ഗാംഗുലി പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്. ജൂലൈ 12-ന് റോസോവിലെ വിൻഡ്‌സർ പാർക്കിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുക. തുടര്‍ന്ന് 20 മുതല്‍ ക്യൂന്‍സ് പാര്‍ക്കില്‍ രണ്ടാം ടെസ്റ്റും അരങ്ങേറും.
ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.