മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ടി20 പരമ്പരക്കായുള്ള ടീമിൽ വൻ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ വലിയ തോൽവിക്ക് പിന്നാലെയാണ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. രോഹിത് ശർമ്മ ഏകദിന ടീമിലേക്ക് മടങ്ങിയെത്തും എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.
ഏകദിന ടീമിന്‍റെ മുഴുവൻ സമയ നായകനായ ശേഷം രോഹിത് ശർമ്മ നയിക്കുന്ന ആദ്യ പരമ്പരയാണ് വിൻഡീസിനെതിരെയുള്ളത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിചരണത്തിലായിരുന്ന താരം ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. താരം നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നു.
അതേ സമയം ടീം പ്രഖ്യാപനത്തിന് മുൻപ് തന്നെ പരമ്പരയിൽ നിന്ന് സീനിയർ സ്‌പിന്നർ ആർ അശ്വിൻ പിൻമാറ്റം അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കാനാകാത്ത താരത്തിന്‍റെ പിൻമാറ്റത്തിന്‍റെ കാരണം വ്യക്‌തമാക്കിയിട്ടില്ല. കൂടാതെ ജസ്പ്രീത് ബുറംക്ക് വിശ്രമം അനുവദിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
കുറച്ചു കാലങ്ങളായി മോശം ഫോമിൽ തുടരുന്ന ഭുവനേശ്വർ കുമാറിനും ടീമിൽ സ്ഥാനമുണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. യുവതാരം വെങ്കിടേഷ് അയ്യരെയും പരിഗണിക്കാൻ സാധ്യത കുറവാണ്. ജഡേജയും, ഹാർദിക്കും പൂർണമായും ഫിറ്റ് ആയിട്ടില്ല.
ALSO READ: 'അവന് പക്വത വന്നിട്ടില്ല, ഇനിയും ഏകദിനത്തിൽ കളിപ്പിക്കരുത്'; യുവ ഓൾറൗണ്ടറെ വിമർശിച്ച് ഗംഭീർ
അതേസമയം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ശാർദുൽ താക്കൂറും, ദീപക് ചഹാറും ടീമിൽ ഇടം പിടിച്ചേക്കും. ദക്ഷിണാഫ്രിക്കക്കെതിരെ ടീമിൽ ഉണ്ടായിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന ഋതുരാജിനെ ഇത്തവണ പരിഗണിക്കുമോ എന്നും കണ്ടറിയണം.
ജഡേജക്കും, ഹാർദികക് ആവേശ് ഖാൻ, അക്‌സർ പട്ടേൽ എന്നീ താരങ്ങളെ ടീമിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. കൂടാതെ യുവ താരങ്ങളായ റിഷി ധവാൻ, ഷാറൂഖ് ഖാൻ എന്നിവരും സെലക്‌ഷൻ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്.
ഫെബ്രുവരി ആറ് മുതലാണ് വെസ്റ്റ് ഇൻഡീസിന്‍റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കൊവിഡ് രൂക്ഷമായതിനാൽ അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. ഏകദിന മത്സരം 6,9,11 തീയതികളിൽ അഹമ്മദാബാദിലും, ടി20 പരമ്പര 16,18,20 തീയതികളിൽ കൊൽക്കത്തയിലും നടക്കും.