ഡൊമിനിക്ക : വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ വ്യക്തമയ മേധാവിത്വം നേടാന്‍ ഇന്ത്യന്‍ (India) ടീമിനായിരുന്നു. രവിചന്ദ്രന്‍ അശ്വിന്‍റെ (Ravichandran Ashwin) അഞ്ച് വിക്കറ്റ് നേട്ടത്തില്‍ വിന്‍ഡീസിനെ 150ല്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 80 റണ്‍സാണ് നേടിയത്. വിന്‍ഡീസിന്‍റെ ഒന്നാം ഇന്നിങ് സ്കോറിന് 70 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍.
മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് വിന്‍ഡീസ് സ്‌കോര്‍ മറികടന്ന് ലീഡ് സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. നായകന്‍ രോഹിത് ശര്‍മ (Rohit Sharma), അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) എന്നിവരാണ് ക്രീസില്‍. ഇന്നലെ അവസാന സെഷനില്‍ ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു.
65 പന്ത് നേരിട്ട ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 30 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സും രോഹിത് അടിച്ചെടുത്തിട്ടുണ്ട്. മറുവശത്ത് ജയ്‌സ്വാളും തകര്‍പ്പന്‍ ഫോമിലാണ് ബാറ്റ് വീശിയത്. 73 പന്തില്‍ 40 റണ്‍സാണ് ജയ്‌സ്വാളിന്‍റെ സമ്പാദ്യം.
ആറ് ഫോറുകള്‍ ജയ്‌സ്വാള്‍ ഇതുവരെ അതിര്‍ത്തി കടത്തി. ഇതേ രീതിയില്‍ ബാറ്റിങ് തുടര്‍ന്നാല്‍, ജയ്‌സ്വാളിന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടാനാകുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ (Ishant Sharma). തന്‍റെ ഇന്നിങ്‌സിന് വേണ്ടിയൊരു അടിത്തറ ഇപ്പോള്‍ തന്നെ ജയ്‌സ്വാള്‍ പാകിയിട്ടുണ്ടെന്നും സെഞ്ച്വറിയിലേക്കെത്താന്‍ മികച്ച അവസരം താരത്തിനുണ്ടെന്നും ഇഷാന്ത് ശര്‍മ പറഞ്ഞു.
'അവന്, തന്‍റെ ഇന്നിങ്‌സിന് വേണ്ടിയുള്ള അടിത്തറ പാകിയിട്ടുണ്ട്. ഇവിടെ നിന്നും ആദ്യം അര്‍ധസെഞ്ച്വറിയിലെത്താന്‍ ശ്രമിക്കണം. പിന്നീട് ഇന്നിങ്‌സ് കെട്ടിപ്പടുക്കണം. ഒരു സെഞ്ച്വറിയിലേക്കെത്താന്‍ പറ്റിയ അവസരമാണ് അവന് ലഭിച്ചിരിക്കുന്നത്' - ഇഷാന്ത് ശര്‍മ അഭിപ്രായപ്പെട്ടു. മത്സരം പുരോഗമിക്കുമ്പോള്‍ ബാറ്റിങ് ദുഷ്‌കരമായി മാറിയേക്കാമെന്നും അതുകൊണ്ട് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 300 റണ്‍സിലധികം ലീഡ് എങ്കിലും സ്വന്തമാക്കണമെന്നും ഇഷാന്ത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
'ഓരോ ദിവസം കഴിയുന്തോറും വിക്കറ്റ് കൂടുതല്‍ ദുഷ്‌കരമാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ, ഇപ്പോള്‍ ഉള്ള സ്ഥാനത്ത് നിന്നും ഇന്ത്യ ഒരു 300 റണ്‍സിന്‍റെയെങ്കിലും ലീഡ് സ്വന്തമാക്കണം. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യേണ്ടി വരില്ല.
രണ്ടാം ദിനത്തിന്‍റെ ആദ്യ മണിക്കൂറുകള്‍ വിന്‍ഡീസിന് ഏറെ നിര്‍ണായകമാണ്. ഈ സമയം വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നീട് അവര്‍ക്ക് ഒരു തിരിച്ചുവരവ് സാധ്യമായിരിക്കില്ല' - ഇഷാന്ത് ശര്‍മ പറഞ്ഞു.
ഇന്ത്യ (പ്ലെയിങ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാൻ കിഷൻ (ഡബ്ല്യു), രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജയ്ദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇൻഡീസ് (പ്ലെയിങ് ഇലവൻ): ക്രെയ്‌ഗ് ബ്രാത്ത്‌വെയ്റ്റ് (ക്യാപ്റ്റന്‍), തഗെനരൈന്‍ ചന്ദർപോൾ, റെയ്‌മൺ റെയ്‌ഫർ, ജെർമെയ്ൻ ബ്ലാക്ക്‌വുഡ്, അലിക്ക് അത്നാസെ, ജോഷ്വ ഡ സിൽവ (ഡബ്ല്യു), ജേസൺ ഹോൾഡർ, റഹ്‌കീം കോൺവാൾ, അൽസാരി ജോസഫ്, കെമർ റോച്ച്, ജോമൽ വാരികൻ.