മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പുതിയ താരങ്ങളെ ഉള്‍പ്പെടുത്തി. പേസര്‍ ഉമേഷ് യാദവ്, ബാറ്റര്‍ ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ ഷഹ്‌ബാസ് അഹമ്മദ് എന്നിവരാണ് ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും കൊവിഡില്‍ നിന്നും മുക്തനാവാത്ത മുഹമ്മദ് ഷമിയും പുറത്തായി.
മുതുകിനേറ്റ പരിക്കാണ് ഹൂഡയ്‌ക്ക് തിരിച്ചടിയായത്. ഇരുവരും പരമ്പരയില്‍ നിന്നും പുറത്താവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നാണ് ബിസിസിഐ ഇത് സ്ഥിരീകരിച്ചത്. ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു.
ഇതോടെയാണ് സ്ക്വാഡില്‍ പുതിയ താരങ്ങളെ കൂട്ടിച്ചേര്‍ത്തത്. ഷമിക്ക് പകരം ഉമേഷ് യാദവിനേയും ഹൂഡയ്‌ക്ക് പകരം ശ്രേയസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. മലയാളി ബാറ്റര്‍ സഞ്‌ജു സാംസണെ പരിഗണിച്ചില്ല.
ഐപിഎല്ലില്‍ തിളങ്ങിയ ഷഹ്‌ബാസ് അഹമ്മദിനെ സിംബാബ്‍വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിലും ഉള്‍പ്പെടുത്തിയിരുന്നു. പരിക്കേറ്റ് പുറത്തായ വാഷിങ്‌ടണ്‍ സുന്ദറിന് പകരക്കാരനായാണ് അന്ന് ഷഹ്‌ബാസ് ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായത്.
അതേസമയം പരമ്പരയിലെ ആദ്യ മത്സരം ഇന്ന്(സെപ്‌റ്റംബര്‍ 28) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കും. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്.
Also read: IND VS SA: ഹാര്‍ദിക്കിന് പകരം ആര്?; പ്രോട്ടീസിനെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ഇന്ത്യൻ ടി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, അർഷ്‌ദീപ് സിങ്, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ശ്രേയസ് അയ്യർ, ഷഹ്‌ബാസ് അഹമ്മദ്.