ജോഹന്നാസ്ബർഗ്: ഐപിഎല്ലിലെ ഡേവിഡ് മില്ലറുടെ പ്രകടനം ഇന്ത്യയ്‌ക്കെതിരായ എവേ സീരീസില്‍ ഗുണം ചെയ്യുമെന്നുറപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ വൈറ്റ് ബോൾ ക്യാപ്റ്റൻ ടെംബ ബവുമ. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കിരീടം നേടിയ മില്ലറെ പോലൊരു താരം ടീമിന് ആത്മവിശ്വാസമാകുമെന്ന് പറഞ്ഞ ബവുമ, മില്ലര്‍ക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയേക്കുമെന്ന സൂചനകളും നല്‍കി.
'ഫോമിലുള്ള ഒരു താരത്തെ കാണുന്നത് എപ്പോഴും ആശ്വാസമാണ്. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കിരീടം നേടിയ ഡേവിഡ് മില്ലറെ പോലൊരു താരം ടീമിലേക്ക് ആത്മവിശ്വാസം കൊണ്ടും. ഐപിഎല്ലില്‍ ഡേവിഡ് മികച്ച പ്രകടനം കാഴ്‌ചവച്ചു.
അത് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പാണ്. മില്ലര്‍ ഇപ്പോഴും ടീമിലെ നിര്‍ണായക അംഗമാണ്. അദ്ദേഹത്തിന്‍റെ പ്രകടനം ഭാവിയിലും തുടരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പ് ബാവുമ പറഞ്ഞു.
ഐപിഎല്ലിന് മുന്നെ ദേശീയ ടീമിനായി പരിമിത ഓവർ ക്രിക്കറ്റില്‍ റൺസ് നേടാൻ പ്രയാസപ്പെടുകയായിരുന്നു മില്ലര്‍. ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുള്ള തന്‍റെ പതിവ് ആറാം നമ്പറില്‍ നിന്നും മാറി ഗുജറാത്ത് നിരയില്‍ അഞ്ചാം നമ്പറിലാണ് മില്ലർ ഇറങ്ങിയിരുന്നത്. സീസണില്‍ 143 സ്‌ട്രൈക്ക് റേറ്റിൽ, 68.71 ശരാശരിയോടെ 481 റൺസാണ് അടിച്ച് കൂട്ടിയത്.
ഇതോടെയാണ് മില്ലര്‍ക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയേക്കുമെന്ന സൂചനയും ബാവുമ നല്‍കിയത്. മറ്റൊരു സ്ഥാനത്ത് ടീമിന് കൂടുതല്‍ മുതല്‍ക്കൂട്ടാവുമെന്ന് അവന് തോന്നുന്നുവെങ്കില്‍, ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും ബാവുമ പറഞ്ഞു.
"ഞങ്ങൾ ഡേവിഡിനെ ഒരു തരത്തിലും നിയന്ത്രിക്കാനോ, ഞെരുക്കാനോ പോകുന്നില്ല. എല്ലാ കളിക്കാരോടും അങ്ങനെ തന്നെയാണ് പെരുമാറാൻ ശ്രമിക്കുന്നത്. അവർക്ക് വിജയിക്കാനും ടീമിനായി ശക്തമായ പ്രകടനം നടത്താനും കഴിയുന്ന സ്ഥാനങ്ങളിൽ അവരെ സജ്ജമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു." ബാവുമ വ്യക്തമാക്കി.
also read: 'വെല്ലുവിളി ഏറ്റെടുക്കാൻ ഇഷ്‌ടപ്പെടുന്ന കളിക്കാര്‍ക്ക് വിമര്‍ശനങ്ങള്‍ തമാശ': സെവാഗ്
അതേസമയം ഇന്ത്യയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ദക്ഷിണാഫ്രിക്ക കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ജൂൺ ഒമ്പതിന് ഡല്‍ഹിയലെ അരുണ്‍ ജയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് നടക്കുക. കട്ടക്ക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്‌കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ .