റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 278 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 45.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 282 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മികച്ച വിജയ ശതമാനമുള്ള പിച്ചാണ് റാഞ്ചി. എന്നാല്‍ ടോസ് നേടിയിട്ടും പ്രോട്ടീസ് നായകന്‍ കേശവ് മഹാരാജ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. താരത്തിന്‍റെ ഈ തീരുമാനത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍.
മത്സര ശേഷം അവതാരകന്‍റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ചെറു ചിരിയോടെയുള്ള ധവാന്‍റെ പ്രതികരണം. വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യാനായിരുന്നല്ലോ ആഗ്രഹിച്ചത്, ടോസ് മുതല്‍ കാര്യങ്ങള്‍ എങ്ങിനെയായിരുന്നുവെന്നാണ് അവതാരകനായിരുന്ന മുരളി കാര്‍ത്തികിന്‍റെ ചോദ്യം.
''എല്ലാം ഞങ്ങള്‍ക്ക് അനുകൂലമായാണ് സംഭവിച്ചത്. ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുത്ത കേശവ് മഹാരാജിന് നന്ദി. കൃത്യസമയത്ത് മഞ്ഞു വന്നതിൽ സന്തോഷം. ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചു.
ഏറെ ആസ്വാദ്യകരമായിരുന്നു അവരുടെ കൂട്ടുകെട്ട്. ബോളിങ് യൂണിറ്റും മികച്ച പ്രകടനം നടത്തി. എല്ലാവരും യുവാക്കളാണ്. അവര്‍ക്ക് പഠിക്കാനുള്ള അവസരമാണിത്'', ധവാന്‍ പറഞ്ഞു.
ശ്രേയസ് അയ്യര്‍ (111 പന്തില്‍ 113*), ഇഷാന്‍ കിഷന്‍ (84 പന്തില്‍ 93) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മലയാളി താരം സഞ്ജു സാംസണ്‍ (36 പന്തില്‍ 30*) പിന്തുണ നല്‍കി. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-1ന് പ്രോട്ടീസിനൊപ്പമെത്താനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
also read: IND vs SA: ശ്രേയസിന്‍റെ ചിറകിലേറി ഇന്ത്യ, മിന്നിത്തിളങ്ങി കിഷൻ; രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം