മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. വെറ്ററന്‍ താരം ശിഖര്‍ ധവാൻ നയിക്കുന്ന 16 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ തെരഞ്ഞെടുത്തത്. യുവ ബാറ്റര്‍ പൃഥ്വി ഷായ്‌ക്ക് അവസരം ലഭിച്ചില്ല.
ഇതിന് പിന്നാലെയുള്ള 22 കാരനായ താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാവുകയാണ്. "അവരുടെ വാക്കുകളിൽ വിശ്വസിക്കരുത്, അവരുടെ പ്രവൃത്തികളിൽ വിശ്വസിക്കുക, കാരണം വാക്കുകൾ അർത്ഥശൂന്യമാണെന്ന് പ്രവൃത്തികൾ തെളിയിക്കും" എന്നാണ് പൃഥ്വി ഷാ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്.
ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ പൃഥ്വി ഷായെ ടീമിലെടുക്കാത്തത് ചര്‍ച്ചയായിരുന്നു. നാല് പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കിയിട്ടും പൃഥ്വിയെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നാണ് ചോദ്യമുയര്‍ന്നത്. അടുത്തിടെ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിനത്തില്‍ 48 പന്തില്‍ 77 റണ്‍സടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
അവസാനമായി 2021 ജൂലൈയിലാണ് താരം ഇന്ത്യയ്‌ക്കായി കളിച്ചത്. ഇന്ത്യക്കായി അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20യും മാത്രമാണ് ഇതേവരെ താരം കളിച്ചത്. അതേസമയം മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നത്.