മുംബൈ: ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ രാഹുല്‍ ത്രിപാഠിയും. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരും ഉള്‍പ്പെടുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇരുവരെയും തഴഞ്ഞാണ് കഴിഞ്ഞ ദിവസം സെലക്‌ടര്‍മാര്‍ ടീം പ്രഖ്യാപിച്ചത്.
ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, വെങ്കടേഷ് അയ്യര്‍ എന്നിവരെ ടീമിലെടുത്തപ്പോഴാണ് സഞ്ജുവിനെയും രാഹുലിനെയും തഴഞ്ഞത്. ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള താരമാണ് രാഹുല്‍ ത്രിപാഠി. കളിച്ച 14 മത്സരങ്ങളില്‍ നിന്ന് 413 റണ്‍സാണ് താരം നേടിയത്.
14 മത്സരങ്ങളില്‍ 374 റണ്‍സ് നേടിയ സഞ്ജുവും മികവ് കാട്ടിയിരുന്നു. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇരുവരെയും തഴഞ്ഞതില്‍ ആരാധകര്‍ക്കൊപ്പം ക്രിക്കറ്റ് ലോകത്ത് നിന്നുതന്നെ എതിര്‍പ്പുകളുയര്‍ന്നിരുന്നു. ഇക്കൂട്ടത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് പ്രശസ്‌ത ക്രിക്കറ്റ് കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്‌ലെ.
സഞ്ജുവും രാഹുല്‍ ത്രിപാഠിയും ടീമില്‍ വേണമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ് ഹര്‍ഷ ഭോഗ്‌ലെയുടെ പ്രതികരണം. '' ഞാന്‍ കരുതിയത് കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ടീമിലുണ്ടാകില്ലെന്നാണ്. സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും പകരമെത്തുമെന്നും കരുതി. ടി20 ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടില്‍ സഞ്ജു വേണമെന്നാണ് ഇപ്പോഴും എന്‍റെ അഭിപ്രായം.'' ഭോഗ്‌ലെ കുറിച്ചു.
അതേസമയം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ജൂണ്‍ ഒമ്പത് മുതല്‍ 19 വരെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നടക്കുക.