മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യിലെ ഇന്ത്യയുടെ തന്ത്രങ്ങള്‍ക്കെതിരെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. കിവീസ് ഇന്നിങ്‌സിന്‍റെ ആദ്യ ഓവര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞതുള്‍പ്പെടെയാണ് ചോപ്ര ചോദ്യം ചെയ്യുന്നത്. അര്‍ഷ്‌ദീപ് സിങ് ആദ്യ ഓവര്‍ എറിയണമായിരുന്നുവെന്നും മുന്‍ താരം അഭിപ്രായപ്പെട്ടു.
"ഫിൻ അലൻ ഒരു വാക്കിങ് വിക്കറ്റാണെന്നും നിങ്ങൾ അവനെ എളുപ്പത്തിൽ പുറത്താക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ കരുതി. പക്ഷേ അത് നടന്നില്ല. എന്തുകൊണ്ടാണ് ഹാർദിക് പാണ്ഡ്യ ആദ്യ ഓവർ എറിഞ്ഞത്?.
ആ ഓവര്‍ അർഷ്‌ദീപ് എറിയണമായിരുന്നു. ഇന്നിങ്‌സിന്‍റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് ഫോറുകളാണ് ഫിന്‍ അലന്‍ അടിച്ചത്. ഇതോടെ അലന്‍റെ ആത്മവിശ്വാസം വലിയ തോതിലാണ് ഉയര്‍ന്നത്. പിന്നീട് ഏത് ബോളറേയും നേരിടാന്‍ നിങ്ങള്‍ക്ക് ഭയമുണ്ടാകില്ല", ചോപ്ര പറഞ്ഞു.
അര്‍ഷ്‌ദീപ് ഫോമില്ല, മാവിക്ക് പന്ത് കിട്ടാന്‍ വൈകി: ഈയിടെയായി അർഷ്‌ദീപ് തന്‍റെ മികച്ച ഫോമിലല്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. കിവീസിന്‍റെ ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ അര്‍ഷ്‌ദീപ് വഴങ്ങിയ 27 റൺസ് വളരെ കൂടുതലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേസര്‍ ശിവം മാവിയെ പന്തേല്‍പ്പിച്ചപ്പോള്‍ വൈകിയിരുന്നുവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
"പന്തിന് ടേണ്‍ ലഭിച്ചിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ മാവിയെ കുറച്ച് നേരത്തെ കൊണ്ടുവരാമായിരുന്നു. ഹാർദിക് മൂന്ന് ഓവറില്‍ 33 റണ്‍സാണ് വഴങ്ങിയത്", ചോപ്ര പറഞ്ഞു. പേസര്‍ ഉമ്രാന്‍ മാലിക്കിന് കാര്യമായ അവസരം ലഭിച്ചില്ലെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി.
യഥാര്‍ഥ ഓള്‍റൗണ്ടറെന്ന് സുന്ദര്‍ തെളിയിച്ചു: ബോളുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യയ്‌ക്കായി തിളങ്ങിയ വാഷിങ്‌ടണ്‍ സുന്ദറിനെ ചോപ്ര അഭിനനന്ദിച്ചു. ഒരു മികച്ച ഓള്‍റൗണ്ടറാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് സുന്ദര്‍ നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തില്‍ ഇന്ത്യ 21 റണ്‍സിനാണ് പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ആതിഥേയര്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളു. വാലറ്റത്ത് വാഷിങ്‌ടണ്‍ സുന്ദര്‍ നടത്തിയ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്.
28 പന്തില്‍ 50 റണ്‍സായിരുന്നു സുന്ദര്‍ അടിച്ച് കൂട്ടിയത്. ബോളിങ്ങില്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ താരം രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ തീര്‍ത്തും നിരാശജനകമായ പ്രകടനമാണ് നടത്തിയത്.
ഒരാള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ മറ്റ് രണ്ട് പേര്‍ക്ക് രണ്ടക്കം തൊടാന്‍ കഴിഞ്ഞിരുന്നില്ല. സുന്ദറിനെ കൂടാതെ സൂര്യകുമാര്‍ യാദവ് (34 പന്തുകളില്‍ 47 റണ്‍സ്), ഹാര്‍ദിക് പാണ്ഡ്യ (20 പന്തുകളില്‍ 21), ദീപക് ഹൂഡ (10 പന്തുകളില്‍ 10) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.
എന്നാല്‍ ബോളര്‍മാര്‍ അധിക റണ്‍സ് വഴങ്ങിയതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വിശദീകരിച്ചത്. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ കിവീസ് മുന്നിലെത്തി. നാളെ ലഖ്‌നൗവിലാണ് രണ്ടാം ടി20.
ALSO READ: ഒന്നാം ടി20യിലെ തോല്‍വി; പഴി ബോളര്‍മാരുടെ തലയിലിട്ട് ഹാര്‍ദിക് പാണ്ഡ്യ