അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്ന് മത്സര പരമ്പരയിലെ അവസാന ടി20 വൈകിട്ട് ഏഴുമണിക്ക് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആരംഭിക്കും. കളിച്ച രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം വിജയിച്ച ഇരു ടീമുകളും നിലവില്‍ ഒപ്പത്തിനൊപ്പമാണ്.
റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കിവീസ് 21 റണ്‍സിന് വിജയിച്ചപ്പോള്‍ ലഖ്‌നൗവിലെ രണ്ടാം ടി20യില്‍ ആറ് വിക്കറ്റ് വിജയവുമായാണ് ഒപ്പമെത്തിയത്. ഇതോടെ ഇന്നത്തെ മത്സരം ഫൈനലോളം ആവേശത്തിലേക്കുയരും. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്.
പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ശുഭ്‌മാൻ ഗില്ലിന് പുറത്തിരിക്കേണ്ടിവരും. ഏകദിന പരമ്പരയില്‍ തിളങ്ങിയെങ്കിലും ടി20 പരമ്പരയിലെ കളിച്ച രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനം നടത്താന്‍ ഗില്ലിന് കഴിഞ്ഞിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടെ ടീമിലേക്ക് തിരികെയെത്തിയ പൃഥ്വി ഷാ 2021ലാണ് തന്‍റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.
പരമ്പരയില്‍ ഫോമിലേക്ക് ഉയരാനായില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷന്‍ തുടര്‍ന്നേക്കും. പേസ് സെന്‍സേഷന്‍ ഉമ്രാൻ മാലിക്കിനെ പരിഗണിച്ചാല്‍ വെറ്റന്‍ സ്‌പിന്നര്‍ യുസ്‍വേന്ദ്ര ചഹലിനാവും പുറത്തിരിക്കേണ്ടി വരിക. ന്യൂസിലന്‍ഡ് നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ വലിയ സ്‌കോര്‍ പ്രതീക്ഷിക്കാം.
എവിടെ കാണാം: ഇന്ത്യ vs ന്യൂസിലന്‍ഡ് ടി20 പരമ്പര ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍, ജിയോ ടിവി എന്നിവയിലൂടെ ഓണ്‍ലൈനായും മത്സരം കാണാന്‍ സാധിക്കും.
ഇന്ത്യ (സാധ്യത ഇലവന്‍): പൃഥ്വി ഷാ/ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ദീപക് ഹൂഡ, വാഷിങ്‌ടൺ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ/ ഉമ്രാന്‍ മാലിക്, അർഷ്‌ദീപ് സിങ്.
ന്യൂസിലൻഡ് (സാധ്യത ഇലവന്‍): ഫിൻ അലൻ, ഡെവൺ കോൺവേ (വിക്കറ്റ് കീപ്പർ), മാർക്ക് ചാപ്‌മാൻ, ഗ്ലെൻ ഫിലിപ്‌സ്, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്‌നർ(ക്യാപ്‌റ്റൻ), ഇഷ് സോധി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.