ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മലയാളി താരം സഞ്‌ജു സാംസണിന് അവസരം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റിന് പിന്നാലെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡ് പര്യടനം നടത്തിയ ടീമിന് അവസരം നല്‍കാനാണ് സെലക്ഷന്‍ കമ്മിറ്റി തീരുമാനം. ബിസിസിഐയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ എഡ്‌ജ്‌ബാസ്റ്റണിലാണ് ടെസ്റ്റ് മത്സരം നടക്കുക. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച അവസാന മത്സരമാണിത്. തുടര്‍ന്ന് ടി20 മത്സരങ്ങളോടെ വൈറ്റ് ബോള്‍ പരമ്പര ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജൂലൈ ഏഴിനാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.
രണ്ടാം ടി20 മുതല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ആരോഗ്യവാനാണെങ്കില്‍), വിരാട് കോലി, ജസ്‌പ്രീത് ബുംറ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങള്‍ വൈറ്റ് ബോൾ ടീമിന്‍റെ ഭാഗമാകും. എന്നാല്‍ അയർലന്‍ഡ് പരമ്പരയുടെ ഭാഗമായ മിക്ക കളിക്കാരും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെയാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും സഞ്‌ജുവിന് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
also read: വിരാട് വീണ്ടും ഇന്ത്യന്‍ നായകനാവുമോ ? ; ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിക്ക് പറയാനുള്ളത്
അയര്‍ലന്‍ഡിനെതിരായ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നു. മത്സരത്തില്‍ 42 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സും സഹിതം 77 റണ്‍സാണ് സഞ്‌ജു അടിച്ചുകൂട്ടിയത്. അതേസമയം ഇംഗ്ലണ്ടിനെതിരെ എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ത്യയെ പേസര്‍ ജസ്‌പ്രീത് ബുംറ നയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആർടി-പിസിആർ പരിശോധനയില്‍ രണ്ടാം തവണയും പോസിറ്റീവായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായതോടെയാണ് ബുംറയ്‌ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ ആഴ്‌ച ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിനിടെയാണ് രോഹിത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.