നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഓസ്‌ട്രേലിയയെ കറക്കി വീഴ്‌ത്തിയത്. ഓസീസിന്‍റെ ഇരു ഇന്നിങ്‌സുകളിലുമായി അഞ്ച് വിക്കറ്റ് പ്രകടനവുമായാണ് ഇരുവരും തിളങ്ങിയത്. ഇതോടെ മത്സരത്തില്‍ ഇന്നിങ്‌സിന്‍റേയും 132 റണ്‍സിന്‍റേയും തകര്‍പ്പന്‍ വിജയം നേടാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായി ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് ജഡേജ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. അര്‍ധ സെഞ്ചുറിയുമായി ബാറ്റിങ്ങിലും 34കാരന്‍ തിളങ്ങിയിരുന്നു. ഈ പ്രകടനത്തിന് ജഡേജയെ അഭിനന്ദിച്ചിരിക്കുകയാണ് വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍.
ജഡേജയെപ്പോലെ ഒരു പങ്കാളിയെ ലഭിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് അശ്വിന്‍ പറഞ്ഞു. "ജഡേജ അസാമാന്യ ഫോമിലാണ്. അവൻ ബാറ്റ് ചെയ്യുന്ന രീതി, അവൻ ബോള്‍ ചെയ്യുന്ന രീതി എല്ലാം മികച്ചതാണ്. ഫീല്‍ഡിങ്ങില്‍ അവന്‍റെ മികവിനെക്കുറിച്ച് നമ്മൾ സംസാരിക്കേണ്ടതില്ലെന്ന് തോന്നുന്നു.
എന്നോടൊപ്പം പന്തെറിയാന്‍ അവനെപ്പോലെ ഒരു പങ്കാളിയെ ലഭിച്ചതില്‍ ഞാന്‍ വളരെയേറെ നന്ദിയുള്ളവനാണ്. അക്‌സര്‍ പട്ടേലും ഒരു സാധാരണ ബോളറല്ല. ബാറ്റ് ചെയ്യാന്‍ കഴിവുള്ള ഒരു കൂട്ടം മികച്ച സ്‌പിന്നര്‍മാരുണ്ട് ഞങ്ങള്‍ക്ക്", ആര്‍ അശ്വിന്‍ പറഞ്ഞു.
നാഗ്‌പൂരില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ജഡേജ മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ മത്സരത്തിന്‍റെ ആദ്യ ദിനം അമ്പയറുടെ അനുമതിയില്ലാതെ വിരലില്‍ വേദനയ്‌ക്കുള്ള ക്രീം പുരട്ടിയതിന് 34കാരനായ താരത്തിന് ഐസിസി ശിക്ഷ വിധിച്ചിരുന്നു. പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.20ന്‍റെ ലംഘനമാണ് ജഡേജ നടത്തിയിരിക്കുന്നതെന്നും ഐസിസി അറിയിച്ചു.
ALSO READ: 'ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടര്‍' ; ജഡേജയെ പുകഴ്‌ത്തി ആകാശ് ചോപ്ര