ന്യൂഡല്‍ഹി: ഐസിസിയുടെ ടെസ്‌റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ഓസീസിന്‍റെ സ്റ്റാര്‍ ബാറ്റര്‍ സ്‌റ്റീവ് സ്‌മിത്ത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇതേവരെ തന്‍റെ പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സ്‌മിത്തിന് കഴിഞ്ഞിട്ടില്ല. കളിച്ച നാല് ഇന്നിങ്‌സുകളില്‍ നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ നിന്നത് മാത്രമാണ് താരത്തിന് ആശ്വസിക്കാനുള്ളത്.
ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്‌സുകളിലും ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന് മുന്നിലാണ് സ്‌മിത്ത് വീണത്. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് താരത്തെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെയാണ് അശ്വിന്‍ തിരികെ കയറ്റിയത്. ഇതോടെ സ്‌മിത്തിനെ ടെസ്റ്റില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്താക്കുന്ന ആദ്യ ബോളറെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കിയിരുന്നു.
നേരത്തെ 2020ലെ ബോക്സിങ് ഡേ ടെസ്റ്റിലായിരുന്നു അശ്വിന്‍ സ്‌മിത്തിനെ പൂജ്യത്തിന് തിരികെ കയറ്റിയത്. രണ്ടാം ഇന്നിങ്‌സിലും സ്‌മിത്തിനെ വീഴ്‌ത്തിയതോടെ മറ്റൊരു നേട്ടവും അശ്വിന്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ സ്‌മിത്തിനെ വീഴ്‌ത്തുന്ന ബോളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അശ്വിനെത്തിയത്.
ഡല്‍ഹിയിലേതടക്കം ആകെ എട്ട് തവണയാണ് അശ്വിന്‍ സ്‌മിത്തിനെ പുറത്താക്കിയത്. ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആൻഡേഴ്സണും സ്‌മിത്തിനെ എട്ട് തവണ വീഴ്‌ത്തിയിട്ടുണ്ട്. ഒമ്പത് തവണ സ്‌മിത്തിന്‍റെ വിക്കറ്റെടുത്ത ഇംഗ്ലീഷ് താരം സ്‌റ്റുവര്‍ട്ട് ബോര്‍ഡാണ് പട്ടികയില്‍ തലപ്പത്തുള്ളത്.
പാക് താരം യാസിര്‍ ഷാ താരത്തെ ഏഴ് തവണ വീഴ്‌ത്തിയിട്ടുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കേ ഈ റെക്കോഡ് ഒറ്റയ്‌ക്ക് നേടാന്‍ ആശ്വിന് അവസരമുണ്ട്. 2020ന് ശേഷം ഇതേവരെ അശ്വിന്‍റെ 149 പന്തുകള്‍ നേരിട്ട സ്‌മിത്തിന് 73 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 14.6 ആണ് ശരാശരി. ഇതില്‍ അഞ്ച് തവണയാണ് സ്‌മിത്തിനെ അശ്വിന്‍ വീഴ്‌ത്തിയത്.