ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് സീസണുകളിൽ ക്യാപ്റ്റനെന്ന നിലയിൽ "എല്ലാ സ്വാതന്ത്ര്യവും" ലഭിച്ചിട്ടും കെഎൽ രാഹുൽ ടീം വിട്ടതിൽ ഐപിഎൽ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിങ്സ് കടുത്ത അതൃപ്തിയിലാണ്. നേരത്തെ രാഹുലിനെ നിലനിര്‍ത്താന്‍ പഞ്ചാബ് തീരുമാനിച്ചിരുന്നെങ്കിലും താരം ടീം വിടുകയാണെന്ന് അറിയിക്കുകയായിരുന്നു.
ഇതിനിടെയാണ് ലഖ്‌നൗവുമായി താരം ചര്‍ച്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പഞ്ചാബിന്‍റെ സഹ ഉടമ നെസ് വാഡിയ. ഒരു ടീമിന്‍റെ ഭാഗമായിരിക്കെ മറ്റൊരു ടീമുമായി ചര്‍ച്ച നടത്തുന്നത് അധാർമികമാണെന്ന് വാഡിയ പറഞ്ഞു.
''ഞങ്ങള്‍ക്ക് രാഹുലിനെ നിലനിര്‍ത്താന്‍ താത്പര്യമുണ്ടായിരുന്നു. എന്നാല്‍ രാഹുലിന് ലേലത്തില്‍ പോകണമായിരുന്നു. ഒരു ടീമിന്‍റെ ഭാഗമായിരിക്കെ മറ്റൊരു ടീമുമായി താരം ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും അധാര്‍മികമാണ്.
also read: UAE T20 League: മാഞ്ചസ്റ്റര്‍ യുണൈറ്റ് ഉടമകള്‍ക്ക് ക്രിക്കറ്റ് ടീമും സ്വന്തം
ലഖ്‌നൗ ടീം രാഹുലുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, ബസിസിഐയുടെ നിയമ പ്രകാരം അത് തെറ്റായതിനാല്‍ അവര്‍ അത് ചെയ്യില്ലെന്നാണ് കരുതുന്നത്''. വാഡിയ പറഞ്ഞു.
കെഎല്‍ രാഹുലിനെയും ഹൈദരാബാദ് താരം റാഷിദ് ഖാനെയും ലഖ്‌നൗ സമീപിച്ചെന്നും ഇതിന്‍റെ ഭാഗമായി ഇരു ടീമുകളും ബിസിസിഐക്ക് പരാതി നല്‍കിയതായും റിപ്പോര്‍കളുണ്ടായിരുന്നു. നേരത്തെ 2010-ല്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക് ബിസിസിഐ ഐപിഎല്ലില്‍ ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സുമായി കരാര്‍ നിലനില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്സുമായി ചര്‍ച്ച നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.