മുംബൈ : ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയാൽ അദ്ദേഹത്തിന്‍റെ പേര് ചരിത്ര പുസ്‌തകങ്ങളിൽ എന്നന്നേക്കുമായി എഴുതപ്പെടുമെന്ന് ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗ്. ഇതുവരെ 11 ഇന്ത്യൻ താരങ്ങൾ മാത്രമേ 100 ടെസ്റ്റുകൾ എന്ന നേട്ടം കൈവരിച്ചിട്ടുള്ളൂ. അതിനാൽ തന്നെ 100 ടെസ്റ്റുകൾ എന്ന നേട്ടത്തിലേക്ക് എത്തിയാൽ പന്തിന്‍റെ പേര് ചരിത്രപുസ്‌തകങ്ങളിൽ സ്ഥാപിതമാകുമെന്നും സെവാഗ് പറഞ്ഞു.
ടി20 ഫോർമാറ്റിലൂടെയാണ് പന്ത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതെങ്കിലും പതിയെ ടെസ്റ്റ് ക്രിക്കറ്റിലും താരം നിർണായക ശക്‌തിയായി മാറുകയായിരുന്നു. 30 മത്സരങ്ങളിൽ നിന്ന് 40.85 ശരാശരിയിൽ നാല് സെഞ്ച്വറികളും ഒമ്പത് അർധ സെഞ്ച്വറികളും ഉൾപ്പടെ 1920 റണ്‍സ് 24 കാരനായ താരം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കയ്‌ക്കെതിരായ ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ 120.12 സ്‌ട്രൈക്ക് റേറ്റിൽ 185 റണ്‍സ് പന്ത് നേടിയിരുന്നു. പരമ്പരയിൽ പിങ്ക് ബോൾ ടെസ്റ്റിന്‍റെ രണ്ടാം ദിനം 28 പന്തിൽ അർധസെഞ്ച്വറി നേടി ടെസ്റ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറിയും താരം സ്വന്തമാക്കിയിരുന്നു.
എക്കാലവും മികച്ചത് ടെസ്റ്റ് തന്നെ : എന്‍റെ അഭിപ്രായത്തിൽ ടെസ്റ്റ് ക്രിക്കറ്റാണ് എറ്റവും പരമമായ ക്രിക്കറ്റ് ഫോർമാറ്റ്. എന്തുകൊണ്ടാണ് വിരാട് കോലി ടെസ്റ്റ് കളിക്കുന്നതിന് ഇത്രയധികം പ്രധാന്യം നൽകുന്നത്? കാരണം അവനറിയാം 150-200 ടെസ്റ്റുകൾ കളിച്ചാൽ റെക്കോഡ് ബുക്കുകളിൽ അവന്‍റെ നാമം അനശ്വരമാകുമെന്ന്, സെവാഗ് പറഞ്ഞു
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ കളിക്കാരിൽ ഒരാളാണ് സെവാഗ്. 104 മത്സരങ്ങളിൽ നിന്ന് 49.34 ശരാശരിയിൽ 82.23 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റിൽ 8586 റൺസാണ് താരം ടെസ്റ്റിൽ അടിച്ച് കൂട്ടിയത്. കൂടാതെ 251 ഏകദിനങ്ങളിൽ നിന്ന് 35.05 റണ്‍സ് ശരാശരിയിൽ 104.33 സ്‌ട്രൈക്ക് റേറ്റിൽ 8273റണ്‍സും താരം നേടിയിട്ടുണ്ട്.