മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായ പങ്കാണ് ക്യാപ്റ്റന്‍ രോഹിത് (Rohit Sharma) ശര്‍മയ്‌ക്കുള്ളത്. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിച്ച് രോഹിത് നല്‍കുന്ന വമ്പന്‍ തുടക്കമാണ് മറ്റ് താരങ്ങളുടെ പ്രകടനത്തിനും അടിത്തറയൊരുക്കുന്നത്. രോഹിത്തിന്‍റെ ഈ ആക്രമണാത്മക ശൈലിയെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.
ടീമിന് മുതല്‍ക്കൂട്ടാവുന്ന പ്രകടനം നടത്തുന്നതിനായി വ്യക്തിപരമായ നാഴികക്കല്ലുകളെക്കുറിച്ച് രോഹിത് ചിന്തിക്കാറില്ലെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിന് അടിവരയിട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar on Rohit Sharma aggressive batting in cricket world cup 2023).
ന്യൂസിലൻഡിനെതിരായ സെമി ഫൈനല്‍ മത്സരത്തിലും രോഹിത് തന്‍റെ ശൈലി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. "ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തിലും രോഹിത് തന്‍റെ കളി ശൈലിയില്‍ മാറ്റം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല. ടൂർണമെന്‍റിലുടനീളം അവന്‍ ഇതു പോലെയാണ്.
അവിടെ വ്യക്തിപരമായ നാഴികക്കല്ലുകളെക്കുറിച്ച് ഒരിക്കല്‍ പോലും അവന്‍ ശ്രദ്ധാലുവായിരുന്നില്ലെന്ന് ഉറപ്പാണ്. എപ്പോഴും ടീമിന് മികച്ച തുടക്കം നല്‍കാനാണ് അവന്‍ നോക്കുന്നത്. രോഹിത്തിന്‍റെ ഈ ശൈലി എതിരാളികളില്‍ വലിയ സമ്മര്‍ദമാണ് ഉണ്ടാക്കുന്നത്. അതവന്‍റെ ടീമിന് മികച്ച അടിത്തറ ഒരുക്കുകയും ചെയ്യുന്നു.
ആദ്യ പത്ത് ഓവറുകളില്‍ രോഹിത് നടത്തുന്ന ഈ പ്രകടനം തുടര്‍ന്നുള്ള 40 ഓവറുകളും മുതലാക്കാന്‍ ടീമിനെ പ്രാപ്‌തരാക്കുന്നതാണ്. തന്‍റെ ശൈലിയിലൂടെ തുടക്കം മുതല്‍ തന്നെ എതിരാളികളെ ബാക്ക് ഫൂട്ടിലാക്കുകയാണ് രോഹിത്. കൂടാതെ അവന് ശുഭ്മാൻ ഗില്ലിൽ ഒരു സമർത്ഥനായ പങ്കാളിയുണ്ട്" സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു നിര്‍ത്തി.
തന്‍റെ ആക്രമണോത്സുക ശൈലിയിലുടെ ടീമിനായി ഗണ്യമായ സംഭാവന നൽകാന്‍ രോഹിത്തിന് കഴിഞ്ഞിട്ടുണ്ട്. കളിച്ച ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും ആകെ 503 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. ഇതോടെ ടൂര്‍ണമെന്‍റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ നാലാമതാണ് രോഹിത്തുള്ളത്. 121.50 സ്‌ട്രൈക്ക് റേറ്റ് ഉള്ള താരത്തിന്‍റെ ബാറ്റിങ് ശരാശരി 55.89 ആണ്. വേഗത്തിലും കാര്യക്ഷമമായും സ്‌കോർ ചെയ്യാനുള്ള താരത്തിന്‍റെ കഴിവിനെ അടിവരയിടുന്നതാണ് പ്രസ്‌തുത കണക്ക്.
അതേസമയം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ഒമ്പത് മത്സരങ്ങളിലും വിജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. കിവീസാകട്ടെ കളിച്ച ഒമ്പതില്‍ അഞ്ച് വിജയങ്ങള്‍ നേടി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.