ധർമശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വീണ്ടും അട്ടിമറി. മൂന്നാം ജയം തേടിയെത്തിയ ദക്ഷിണാഫ്രിക്ക, നെതർലൻഡ്‌സിന്‍റെ ബോളിങ് കരുത്തിന് മുന്നിൽ കാലിടറുകയായിരുന്നു. മഴമൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 246 വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസ് 207 എല്ലാവരും പുറത്താകുകയായിരുന്നു. 38 റൺസിന്‍റെ തകർപ്പൻ ജയമാണ് നെതർലൻഡ്‌സ് നേടിയത്. 43 റൺസ് നേടിയ ഡേവിഡ് മില്ലറും 28 റൺസടിച്ച ഹെൻറിച്ച് ക്ലാസനും ഒഴികെ പ്രോട്ടീസ് നിരയിലെ മുൻനിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി.
മൂന്ന് വിക്കറ്റ് നേടിയ ലോഗൻ വാൻ ബീക്ക് രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ പോൾ വാൻ മീകെരെൻ, വാൻ ഡെർ മെർവെ, ബാസ് ഡി ലീഡ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഒരു വിക്കറ്റ് നേടിയ കോളിൻ അക്കർമാൻ മികച്ച പിന്തുണ നല്‍കി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഡച്ച് പടയ്‌ക്ക് ഇന്നത്തെ മത്സരം നിർണായകമായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും തകർപ്പൻ പ്രകടനം പുറത്തെടുത്തതാണ് മികച്ച ഫോമിലുള്ള പ്രോട്ടീസിനെതിരെ ജയം നെതർലൻഡ്‌സിന് സമ്മാനിച്ചത്.
നെതർലൻഡ്‌സിന്‍റെ 246 ണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. 44 റൺസെടുക്കുന്നതിനിടെ നാല് മുൻനിര ബാറ്റർമാർ പവിലിയനിലേക്ക് മടങ്ങിയിരുന്നു. 20 റൺസെടുത്ത ഡി കോക്കിനെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ച് കോളിൻ അക്കർമാനാണ് പ്രോട്ടീസ് പതനത്തിന് തുടക്കമിട്ടത്. ടീം സ്‌കോർ മൂന്ന് റൺസ് ചേർക്കുന്നതിനിടെ നായകൻ ടെംബ ബാവുമ വാൻ ഡെർ മെർവെയുടെ പന്തിൽ ബൗൾഡായി. നാല് റൺസെടുത്ത റാസി വാന്‍ഡര്‍ ഡസന്‍, ഒരു റൺസുമായി എയ്‌ഡന്‍ മാര്‍ക്രമും കൂടാരം കയറിയതോടെ പ്രോട്ടീസ് അപകടം മണത്തു.
പിന്നീട് ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേർന്ന് സ്‌കോർ ഉയർത്തിയത് ദക്ഷിണാഫ്രിക്കൻ ക്യാമ്പിൽ പ്രതീക്ഷ നൽകി. 28 പന്തിൽ 28 റൺസ് നേടിയ ക്ലാസനെ മടക്കിയ വാൻ ബീക് ഡച്ച് പടയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. തുടർന്നെത്തിയ മാർകോ ജാൻസൻ (25 പന്തിൽ 9) നിരാശപ്പെടുത്തി. എട്ടാമനായി ക്രീസിലെത്തിയ ജെറാൾജ് കോട്ട്‌സി പൊരുതി നോക്കിയെങ്കിലും മറുവശത്ത് മില്ലറുടെ പുറത്താകൽ ടീമിന്‍റെ പരാജയം ഉറപ്പിച്ചു. 52 പന്തിൽ നാല് ഫോറുകളും ഒരു സിക്‌സും അടക്കം 43 റൺസ് നേടിയ മില്ലർ ലോഗൻ വാൻ ബീകിന്‍റെ പന്തിൽ ബൗൾഡാകുകയായിരുന്നു.
പത്താം വിക്കറ്റിൽ ലുങ്കി എൻഗിഡിയെ കൂട്ടുപിടിച്ച് കേശവ് മഹാരാജ് റൺസുയർത്തിയെങ്കിലും ജയത്തിലേക്ക് അകലം കൂടുതലായിരുന്നു. ലുങ്കി എൻഗിഡി- കേശവ് മഹാരാജ് സഖ്യം 49 പന്തിൽ 47 റൺസാണ് കൂട്ടിച്ചേർത്തത്. 37 പന്തിൽ 40 റൺസെടുത്ത കേശവ് മഹാരാജ് ഇന്നിങ്‌സിന്‍റെ അവസാന പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. ഏഴ് റൺസുമായി എൻഗിഡി പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ (South Africa Playing XI): ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബവുമ (ക്യാപ്‌റ്റൻ), റാസി വാൻ ഡെർ ഡസ്സെൻ, എയ്‌ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ജെറാൾഡ് കോറ്റ്‌സി.
നെതര്‍ലന്‍ഡ്‌സ് പ്ലെയിങ് ഇലവന്‍ (Netherlands Playing XI): വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, ബാസ് ഡി ലീഡ്, തേജ നിദാമാനുരു, സ്‌കോട്ട് എഡ്വേർഡ്‌സ്( ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), സൈബ്രാൻഡ് എംഗൽബ്രെക്റ്റ്, റോലോഫ് വാൻ ഡെർ മെർവെ, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.