കൊല്‍ക്കത്ത : ഏകദിന ലോകകപ്പിലെ ഫൈനല്‍ ബെര്‍ത്തിനായുള്ള രണ്ടാം സെമി പോരാട്ടത്തില്‍ ഓസീസിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ഫൈനലിലേക്ക് ഒരൊറ്റ വിജയത്തിന്‍റെ അകലം മാത്രമുള്ള മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബോളിങ് നിരയ്‌ക്ക് മുന്നില്‍ പ്രോട്ടീസ് തകര്‍ന്നടിയുകയായിരുന്നു. ക്വിന്‍റണ്‍ ഡി കോക്ക്, വാന്‍ ഡര്‍ ദസ്സന്‍, എയ്‌ഡന്‍ മാര്‍ക്രം തുടങ്ങി വെടിക്കോപ്പ് ബാറ്റര്‍മാരെല്ലാം നിഷ്‌പ്രഭരായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡേവിഡ് മില്ലറുടെയും ഹെന്‌റിച്ച് ക്ലാസന്‍റെയും അവസരോചിതമായ ഇന്നിങ്‌സാണ് കുഞ്ഞനെങ്കിലും ദക്ഷിണാഫ്രിക്കയെ 212 എന്ന ചെറുത്തുനില്‍ക്കാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്.
ടോസ് നേടി ആത്മവിശ്വാസത്തോടെ ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്ക് പക്ഷേ കളത്തില്‍ അടിപതറി. ആദ്യ ഓവറില്‍ കേവലം ഒരു റണ്‍ മാത്രം സ്‌കോര്‍ബോര്‍ഡിലുള്ളപ്പോള്‍ തന്നെ നായകന്‍ ടെംബ ബാവുമയെ പ്രോട്ടീസിന് നഷ്‌ടമായി. ഏഴ് റണ്ണുകള്‍ കൂടി എഴുതിച്ചേര്‍ക്കുമ്പോഴേക്കും ക്വിന്‍റണ്‍ ഡി കോക്കിനും വൈകാതെ തന്നെ എയ്‌ഡന്‍ മാര്‍ക്രത്തിനും തിരികെ കയറേണ്ടതായി വന്നു.
ഡി കോക്കിന്‍റെ (3) മടക്കം ഹേസില്‍വുഡിന്‍റെ പന്തില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കിയായിരുന്നെങ്കില്‍, മാര്‍ക്രത്തിന്‍റേത് (10) മിച്ചല്‍ സ്‌റ്റാര്‍ക്കിന്‍റെ പന്തില്‍ ഡേവിഡ് വാര്‍ണറുടെ കൈകളിലൊതുങ്ങിയായിരുന്നു. രണ്ട് റണ്ണുകള്‍ക്കിപ്പുറം വാന്‍ ഡര്‍ ദസ്സനും (31 പന്തില്‍ 6 റണ്‍സ്) മടങ്ങി. ഇതോടെ പ്രൊട്ടീസ് നിര മാനസികമായി തളര്‍ന്നിരുന്നു.
ക്ലാസന്‍-മില്ലര്‍ ചെറുത്തുനില്‍പ്പ്: എന്നാല്‍ ഈ തകര്‍ച്ചയുടെ വക്കില്‍ നിന്നാണ് ഹെന്‌റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കയ്‌ക്കായി ജീവന്‍മരണ പോരാട്ടം ആരംഭിക്കുന്നത്. 29 റണ്‍സില്‍ നിന്നും ടീമിനെ നൂറ് കടത്തിയതും ഇവര്‍ ചേര്‍ന്നായിരുന്നു. ക്ലാസനും മില്ലറും ചേര്‍ന്നുള്ള കൂറ്റനടി തുടര്‍ന്നാല്‍ പ്രതീക്ഷകള്‍ അസ്‌തമിക്കുമെന്ന് ഓസീസിന് ഉറപ്പുണ്ടായിരുന്നു. ഇതോടെ നിര്‍ണായകമായ മറ്റൊരു വിക്കറ്റിനായി ബൗളര്‍മാര്‍ പ്രോട്ടീസിനെ വരിഞ്ഞുമുറുക്കി.
ഈ ശ്രമത്തിന്‍റെ അവസാനമായാണ് ട്രാവിസ് ഹെഡിന്‍റെ പന്തിന് മുന്നില്‍ ക്ലാസന്‍ (48 പന്തില്‍ 47 റണ്‍സ്) കുരുങ്ങുന്നത്. തൊട്ടുപിന്നാലെ മാര്‍ക്കോ യാന്‍സെന്‍ എത്തിയെങ്കിലും ആദ്യ പന്തില്‍ ലെഗ് ബൈ വിക്കറ്റില്‍ കുരുങ്ങി സംപൂജ്യനായി മടങ്ങുകയായിരുന്നു.
മില്ലര്‍ വീണു, ദക്ഷിണാഫ്രിക്കയും: തൊട്ടുപിന്നാലെയെത്തിയ ജെറാള്‍ഡ് കോട്‌സിയെ കൂടെക്കൂട്ടിയും മില്ലര്‍ ദക്ഷിണാഫ്രിക്കന്‍ രക്ഷാദൗത്യം തുടര്‍ന്നു. എന്നാല്‍ ഈ ഓട്ടത്തിന് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് തടയിട്ടു. 44ാം ഓവറിലെ മൂന്നാം പന്തില്‍ കോട്‌സിയെ (19) മടക്കിയായിരുന്നു ഇത്. പിന്നാലെയെത്തിയ കേശവ് മഹാരാജ് (4) എളുപ്പത്തില്‍ തന്നെ മടങ്ങി. തൊട്ടടുത്ത ഓവറില്‍ ടീമിനൊട്ടാകെ തലവേദന സൃഷ്‌ടിച്ച് മുന്നേറുന്ന മില്ലറെയും പാറ്റ് കമ്മിന്‍സ് തന്നെ തിരിച്ചയച്ചു. ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ നേരിട്ട 116 പന്തില്‍ 101 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. കാഗിസോ റബാഡ (10), തബ്രൈസ് ഷംസി (1) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.
അതേസമയം ഓസീസിനായി നായകന്‍ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്‌റ്റാര്‍ക്കും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയ ഹേസില്‍വുഡും ട്രാവിസ് ഹെഡുമാണ് മറ്റ് ബൗളര്‍മാര്‍.