ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) കളിച്ച ആറില്‍ അഞ്ച് മത്സരങ്ങളും തോറ്റ് വൻ ദുരന്തമായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ടൂര്‍ണമെന്‍റില്‍ ഇനി മൂന്ന് മത്സരങ്ങള്‍ കൂടി ജോസ് ബട്‌ലര്‍ക്കും (Jos Buttler) സംഘത്തിനും ബാക്കിയുണ്ട്. എന്നാല്‍ ഇതേവരെയുള്ള മോശം പ്രകടനം ടീമിന് പുറത്തേക്കുള്ള വഴി തുറന്നിരിക്കുകയാണ്.
ഇന്നലെ ആതിഥേയരായ ഇന്ത്യയോടായിരുന്നു ഇംഗ്ലണ്ട് ടൂര്‍ണമെന്‍റിലെ അഞ്ചാം തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെ ഇംഗ്ലീഷ് ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ ഇതിഹാസ പേസര്‍ ഷൊയ്‌ബ് അക്തര്‍ (Shoaib Akhtar Against England Cricket Team). ഏകദിനം, ഏകദിന മത്സരമായി തന്നെ കളിക്കണമെന്നാണ് ഷൊയ്‌ബ് അക്തര്‍ (Shoaib Akhtar) പറയുന്നത്.
ക്രിക്കറ്റില്‍ തന്ത്രപരമായ ആസൂത്രണത്തിന്‍റെ പ്രാധാന്യവും ഓരോ കളിക്കാരനും ടീമിനുള്ളിൽ അവരുടെ പങ്ക് മനസിലാക്കുകയും അത് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അക്തര്‍ ഇതേക്കുറിച്ച് സംസാരിച്ചത്.
"ഏകദിന ക്രിക്കറ്റിലേക്ക് അവര്‍ കളിക്കുന്ന ടി20 ക്രിക്കറ്റിന്‍റെ ബ്രാന്‍ഡ് കൊണ്ടുവരുന്നതാണ് ഇംഗ്ലണ്ടിനെ മോശം തോല്‍വികളിലേക്ക് നയിച്ചത്. ആരാണ് ക്രീസിലുറച്ച് നില്‍ക്കേണ്ടത് ?. ആരാണ് ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ടത് ?, എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഒരു പദ്ധതിയുമുണ്ടായിരുന്നില്ല.
ഏകദിന ലോകകപ്പില്‍ നിന്നും ഇംഗ്ലണ്ട് പുറത്താകുന്നത് കാണുന്നതിൽ എനിക്ക് വളരെ സങ്കടമുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ അവരുടെ ബാസ്ബോൾ മികച്ചതാണ്, എന്നാൽ നിങ്ങൾ ഏകദിനം കളിക്കുമ്പോള്‍ അതു ഏകദിന മത്സരം തന്നെയായി കളിക്കണം" -ഷൊയ്‌ബ് അക്തര്‍ പറഞ്ഞു.
ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരായ മത്സരത്തില്‍ ഇംഗ്ലീഷ് ടീം തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് അക്തറിന്‍റെ വാക്കുകള്‍. ഇന്ത്യയ്‌ക്ക് എതിരെ ലഖ്‌നൗവിലെ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് കീഴടങ്ങിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 229 റണ്‍സായിരുന്നു നേടിയിരുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ Rohit Sharma (101 പന്തില്‍ 87), സൂര്യകുമാര്‍ യാദവ് (47 പന്തില്‍ 49), കെഎല്‍ രാഹുല്‍ (58 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് ടീമിനായി തിളങ്ങിയത്. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ടിന് 34.5 ഓവറില്‍ 129 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്.
46 പന്തില്‍ 27 റണ്‍സ് നേടിയ ലിയാം ലിവിങ്‌സ്റ്റണായിരുന്നു ടീമിന്‍റെ ടോപ് സ്‌കോററര്‍. ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ജസ്‌പ്രീത് ബുംറ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. വിജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.