ലഖ്‌നൗ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ ആറാം വിജയം ലക്ഷ്യമിട്ട് ആതിഥേയരായ ഇന്ത്യ ഇന്ന് വീണ്ടും കളത്തിലിറങ്ങുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളി (India vs England). മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (Rohit Sharma) ഒരു വമ്പന്‍ നാഴികകല്ല് കാത്തിരിപ്പുണ്ട്.
മത്സരത്തില്‍ വെറും 47 റണ്‍സ് നേടിയാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 18000 റൺസ് തികയ്ക്കാൻ രോഹിത് ശർമയ്ക്ക് കഴിയും (Rohit Sharma on verge of reaching 18K international runs). ഫോർമാറ്റുകളിലുടനീളം ഇതേവരെ കളിച്ച 476 ഇന്നിങ്‌സുകളില്‍ നിന്നും 17953 റൺസാണ് ഹിറ്റ്‌മാന്‍ അടിച്ച് കൂട്ടിയിട്ടുള്ളത് (Rohit Sharma International Runs). ഏകദിനത്തില്‍ നിന്നാണ് രോഹിത് തന്‍റെ അക്കൗണ്ടിലേക്ക് കൂടുതല്‍ റണ്‍സ് ചേര്‍ത്തത്.
256 ഏകദിനങ്ങളില്‍ നിന്നും 10423 റണ്‍സാണ് താരം അടിച്ചെടുത്തത്. 52 ടെസ്റ്റുകളില്‍ നിന്നും 3677 റണ്‍സാണ് നേടിയ താരം 148 ടി20 മത്സരങ്ങളില്‍ നിന്നും 3853 റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ആക്രമണകാരിയായ ഓപ്പണറുടെ ശരാശരി 43.36 ആണ്. 98 അർധസെഞ്ച്വറികളും 45 സെഞ്ച്വറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.
സച്ചിൻ ടെണ്ടുൽക്കർ, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ്, വിരാട് കോലി തുടങ്ങിയ 19 താരങ്ങളാണ് നേരത്തെ അന്താരാഷ്‌ട ക്രിക്കറ്റില്‍ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. സച്ചിനെയും കോലിയേയും കൂടാതെ രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരും ഈ എലൈറ്റ് പട്ടികയിലുണ്ട്.
ഇതുകൂടാതെ രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇന്ത്യയിറങ്ങുന്ന നൂറാമത്തെ മത്സരമാണിത്. മത്സരത്തിനിറങ്ങുമ്പോള്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ നൂറ് മത്സരങ്ങളില്‍ നയിച്ച ഏഴാമത്തെ മാത്രം ക്യാപ്റ്റനെന്ന നേട്ടവും രോഹിത്തിന് സ്വന്തമാക്കാം (Rohit Sharma Captaincy Record). രോഹിത്തിന് കീഴില്‍ ഇതേവരെ 39 ഏകദിനങ്ങളും 51 ടി20 മത്സരങ്ങളും 9 ടെസ്റ്റുകളുമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതേവരെയുള്ള 99 മത്സരങ്ങളില്‍ 73ലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ ഹിറ്റ്‌മാന് കഴിഞ്ഞിട്ടുണ്ട്.
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഇംഗ്ലണ്ട് സ്ക്വാഡ് (Cricket World Cup 2023 England Squad): ജോണി ബെയർസ്‌റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ബെൻ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്‌റ്റണ്‍, മൊയീൻ അലി, സാം കറൻ, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, ബ്രൈഡൻ കാർസി, മാർക്ക് വുഡ്, ആദിൽ റഷീദ്.