ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ആദ്യ ജയം സ്വന്തമാക്കി ശ്രീലങ്ക. ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചെത്തിയ നെതര്‍ലന്‍ഡ്‌സിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ശ്രീലങ്ക തോല്‍പ്പിച്ചത് (Netherlands vs Sri Lanka Highlights). ആദ്യം ബാറ്റ് ചെയ്‌ത നെതര്‍ലന്‍ഡ്‌സ് 49.4 ഓവറില്‍ 262 റണ്‍സിന് ഓള്‍ഔട്ട് ആയി. മറുപടിക്കിറങ്ങിയ ശ്രീലങ്ക 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 263 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
107 പന്തില്‍ 91 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സദീര സമരവിക്രമയാണ് (Sadeera Samarawickrama) ലങ്കയുടെ വിജയ ശില്‍പി. പാത്തും നിസ്സാങ്ക (52 പന്തില്‍ 54), ചരിത് അസലങ്ക (66 പന്തില്‍ 44), ധനഞ്ജയ ഡി സിൽവ (37 പന്തില്‍ 30) എന്നിവരും തിളങ്ങി.
സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ കുശാല്‍ പെരേരയെ (8 പന്തില്‍ 5) ശ്രീലങ്കയ്‌ക്ക് നഷ്‌ടമായി. പിന്നാലെ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡീസും (17 പന്തില്‍ 11) തിരിച്ച് കയറുമ്പോള്‍ 9.3 ഓവറില്‍ 52 റണ്‍സായിരുന്നു ലങ്കന്‍ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച നിസ്സാങ്കയും സദീരയും ചേര്‍ന്ന് 52 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.
17-ാം ഓവറിന്‍റെ ആദ്യ പന്തില്‍ നിസ്സാങ്കയെ പോൾ വാൻ മീകെരെൻ മടക്കി. പിന്നീടെത്തിയ അസലങ്കയും സദീരയും ചേര്‍ന്ന് ഏറെ ശ്രദ്ധയോടെയാണ് ലങ്കന്‍ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്. മികച്ച രീതിയില്‍ മുന്നോട്ട് പോവുകയായിരുന്ന ഈ കൂട്ടുകെട്ട് അസലങ്കയെ വീഴ്‌ത്തി ആര്യന്‍ ദത്ത് പൊളിച്ചു.
നാലാം വിക്കറ്റില്‍ 77 റണ്‍സാണ് ലങ്കന്‍ ടോട്ടലില്‍ ചേര്‍ന്നത്. ആറാം നമ്പറിലെത്തിയ ധനഞ്ജയ ഡി സിൽവയും മോശമാക്കിയില്ല. 47-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ജയത്തിന് തൊട്ടരികെ ധനഞ്ജയ മടങ്ങിയെങ്കിലും ദുഷൻ ഹേമന്തയും (3 പന്തില്‍ 4) സദീരയും ചേര്‍ന്ന് ലങ്കയെ വിജയ തീരത്ത് എത്തിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത നെതര്‍ലന്‍ഡ്‌സ് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷമാണ് ഭേദപ്പെട്ട നിലയിലേക്ക് എത്തിയത്. ഏഴാം വിക്കറ്റില്‍ 130 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയ സിബ്രാൻഡ് ഏംഗൽബ്രെച്ച് (82 പന്തില്‍ 70 റണ്‍സ്), ലോഗൻ വാൻ ബീക്ക് (75 പന്തില്‍ 59) എന്നിവരുടെ പോരാട്ടമാണ് ടീമിന് തുണയായത്.
വിക്രംജീത്ത് സിങ് (4), മാക്‌സ് ഒഡൗഡ്, (16), കോളിൻ അക്കർമാന്‍ (29), ബാസ് ഡി ലീഡ് (6), തേജ നിടമാനുരു (9), ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് (16), വാന്‍ ഡെര്‍ മെര്‍വ് (7), പോള്‍ വാന്‍ മീകരെന്‍ (4), ആര്യന്‍ ദത്ത് (9*), എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ശ്രീലങ്കയ്‌ക്കായി കസുന്‍ രജിത, ദില്‍ഷന്‍ മധുഷങ്ക എന്നിവര്‍ നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ALSO READ: Rohit Sharma : ധര്‍മ്മശാലയില്‍ ഹിറ്റ്‌മാന്‍ വമ്പന്‍ ഫ്ലോപ്പ്; കിവീസിനെതിരെ ആരാധകര്‍ക്ക് ആശങ്ക
ശ്രീലങ്ക (പ്ലേയിങ് ഇലവൻ): പാത്തും നിസ്സങ്ക, കുശാല്‍ പെരേര, കുസൽ മെൻഡിസ് (ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദുഷൻ ഹേമന്ത, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക.
നെതർലൻഡ്‌സ് (പ്ലേയിങ് ഇലവൻ): വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, ബാസ് ഡി ലീഡ്, സിബ്രാൻഡ് ഏംഗൽബ്രെച്ച്, തേജ നിദാമാനുരു, സ്‌കോട്ട് എഡ്വേർഡ്‌സ് ( ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.