ഇസ്ലാമബാദ് : ഏകദിന ലോകകപ്പിന് (Cricket World Cup 2023) എത്തുമ്പോള്‍ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയായിരുന്നു പാകിസ്ഥാന്‍റെ (Pakistan Cricket Team) സ്ഥാനം. പേസ് ആക്രമണമായിരുന്നു പാകിസ്ഥാനെ മറ്റ് ടീമുകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത് എന്നായിരുന്നു പൊതുവെ സംസാരം. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ കാര്യമായ പ്രകടനം നടത്താന്‍ പാക് പേസര്‍മാര്‍ക്കോ ടീമിനോ കഴിഞ്ഞില്ല.
ടൂര്‍ണമെന്‍റില്‍ പാകിസ്ഥാന്‍ ടീം ദുരന്തമായി മാറുന്ന കാഴ്‌ചയാണുണ്ടായത്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ ടീം സെമി ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്‌തു (Pakistan in Cricket World Cup 2023 ). ഇതുമായി ബന്ധപ്പെട്ട് മുന്‍ താരങ്ങളില്‍ നിന്നുള്‍പ്പടെ കനത്ത വിമര്‍ശനമാണ് പാകിസ്ഥാന് നേരെ ഉയരുന്നത്.
ഇതിന് പിന്നാലെ പാകിസ്ഥാന്‍ ടീമുമായി വേര്‍പിരിഞ്ഞിരിക്കുകയാണ് ബോളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍ (Morne Morkel resigns as Pakistan Cricket Team bowling coach). പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് (Pakistan Cricket board confirms Morne Morkel's resignation). കഴിഞ്ഞ ജൂണിലാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസറായിരുന്ന മോണി മോര്‍ക്കല്‍ പാകിസ്ഥാന്‍റെ ബോളിങ് പരിശീലകന്‍റെ ചുമതല ഏല്‍ക്കുന്നത്.
ആറ് മാസത്തേക്കായിരുന്നു കരാര്‍. മോണി മോര്‍ക്കലിന്‍റെ പകരക്കാരനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബോളിങ് പരിശീലകനായി മോണി മോര്‍ക്കല്‍ എത്തിയതിന് ശേഷം ശ്രീലങ്കയ്‌ക്ക് എതിരെ അവരുടെ മണ്ണില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ആയിരുന്നു പാകിസ്ഥാന്‍ കളിച്ചത്.
ഇത് തൂത്തുവാരാന്‍ ബാബര്‍ അസമിനും സംഘത്തിനും കഴിഞ്ഞിരുന്നു. തുടര്‍ന്ന് അഫ്‌ഗാനിസ്ഥാനെതിരെ കളിച്ച ഏകദിന പരമ്പരയും ടീം ഏകപക്ഷീയമായി സ്വന്തമാക്കി. ലോകകപ്പിന് മുന്നേ നടന്ന, ഏഷ്യ കപ്പിലും മോണി മോര്‍ക്കലിന് കീഴിലായിരുന്നു പാകിസ്ഥാന്‍റെ ബോളിങ് പരിശീലനം.
ALSO READ: മത്സരം ആരംഭിക്കും മുമ്പേ രോഹിത് എതിരാളികളെ ഭയപ്പെടുത്തുന്നു ; കാരണം പറഞ്ഞ് ആരോണ്‍ ഫിഞ്ച്
ഡിസംബറിലാണ് പാകിസ്ഥാന്‍ വീണ്ടും കളത്തിലേക്ക് എത്തുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ടീമിനെ കാത്തിരിക്കുന്നത്. ഡിസംബര്‍ 14-ന് ആരംഭിക്കുന്ന പരമ്പരയ്‌ക്ക് 2024- ജനുവരി ഏഴിനാണ് അവസാനമാവുന്നത്. പരമ്പരയ്‌ക്ക് മുന്നോടിയായി പുതിയ ബോളിങ് കോച്ചിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കും.
അതേസമയം ഏകദിന ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തോല്‍പ്പിച്ചുകൊണ്ടായിരുന്നു ബാബര്‍ അസമിന്‍റെ സംഘം തുടങ്ങിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ നാല് തോല്‍വികളാണ് ടീമിനെ കാത്തിരുന്നത്. ആദ്യം ഇന്ത്യയോട് കീഴടങ്ങിയ പാകിസ്ഥാനെ പിന്നീട് ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളാണ് തോല്‍പ്പിച്ചത്.
പിന്നീട് ബംഗ്ലാദേശിനേയും ന്യൂസിലന്‍ഡിനേയും പരാജയപ്പെടുത്തിയെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയോടെയായിരുന്നു പാകിസ്ഥാന്‍ ടീം തിരികെ പറന്നത്.