ഇസ്‌ലാമാബാദ്: ഏകദിന ലോകകപ്പിനായി (Cricket World Cup 2023) ഫേവറേറ്റുകളായെത്തിയ പാകിസ്ഥാന്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ്. ഇക്കാരണത്താല്‍ കടുത്ത വിമര്‍ശനങ്ങളാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (Babar Azam) പല കോണുകളില്‍ നിന്നും നേരിടുന്നത്. ഇപ്പോഴിതാ ടീമിനെ മുന്നില്‍ നിന്നും നയിക്കുന്നത് ബാബര്‍ അസം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (Rohit Sharma) കണ്ട് പഠിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് ഹഫീസ്.
ബാബര്‍ അറ്റാക്കിങ് ക്രിക്കറ്റ് കളിക്കണമെന്നും മുഹമ്മദ് ഹഫീസ് പറഞ്ഞു. "ഈ ലോകകപ്പിൽ ബാബർ അസം പാകിസ്ഥാന്‍റെ ക്യാപ്റ്റനാണ്. ജനങ്ങൾ ബാബറിനെ പിന്തുണയ്ക്കണം. അവനും മെച്ചപ്പെടേണ്ടതുണ്ട്. മികച്ച പ്രകടനവും ആക്രമണോത്സുകതയും കാണിക്കണം. മുന്നില്‍ നിന്നും നയിക്കുന്നു എന്നതാണ് രോഹിത് ശര്‍മയുടെ വിജയം. ബാബറും അതുതന്നെ ചെയ്യേണ്ടതുണ്ട്", മുഹമ്മദ് ഹഫീസ് പറഞ്ഞു.
ഇതിഹാസങ്ങളുമായുള്ള താരതമ്യം വേണ്ട: ബാബർ അസമിനെ ക്രിക്കറ്റിലെ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഹഫീസ് ആരാധകരോട് അഭ്യർഥിച്ചു. "ഒരു കളിക്കാരനെന്ന നിലയിൽ ബാബർ അസം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. എന്നാല്‍ ആളുകൾ അവനിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നതും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതും തീര്‍ത്തും നിർഭാഗ്യകരമാണ്.
അവൻ വളരെ മികച്ച കളിക്കാരനാണ്. നിലവിൽ പാകിസ്ഥാനിലെ ഏറ്റവും മികച്ച കളിക്കാരനാണ്. എന്നിരുന്നാലും, ബാബറിനെ ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുന്നത് അനീതിയാണ്. ബാബറിനെ ഇതിഹാസമെന്ന് വിളിക്കുന്ന ആളുകൾ കളിയിലെ യഥാർത്ഥ ഇതിഹാസങ്ങളെ കണ്ടിട്ടില്ല. ബാബര്‍ ഇതിഹാസമല്ല, ഇനിയും അവൻ ഒരുപാട് കാര്യങ്ങള്‍ തെളിയിക്കണം", മുഹമ്മദ് ഹഫീസ് വ്യക്തമാക്കി.
പുരോഗതിയില്ലാത്ത ക്യാപ്റ്റന്‍: ക്യാപ്റ്റനെന്ന നിലയില്‍ ബാബർ അസമിന് വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് ഹഫീസ് കൂട്ടിച്ചേര്‍ത്തു. "ക്യാപ്റ്റൻ എന്ന നിലയിൽ ബാബറിന് ഒരു വളർച്ചയും ഉണ്ടായിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കുറച്ച് പക്വതയും തന്ത്രപരമായ പുരോഗതിയും ഉണ്ടാകേണ്ടതായിരുന്നു.
ഇപ്പോൾ ബാബര്‍ സ്വയമോ, അല്ലെങ്കില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡോ അവന്‍റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കണം. ബാബറിന് തിളങ്ങാൻ കഴിയണമെങ്കിൽ ക്യാപ്റ്റൻസിയുടെ സമ്മർദം ഒഴിവാക്കണോ അതോ അധിക സമ്മർദമുണ്ടായിട്ടും ബാബറിന് തിളങ്ങാനാകുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് അവരാണ്", മുഹമ്മദ് ഹഫീസ് (Mohammad Hafeez against Babar Azam) പറഞ്ഞു നിര്‍ത്തി.
അതേസമയം ഏകദിന ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലാണ് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകളെ വീഴ്‌ത്തിയ സംഘത്തിന് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍ ടീമുകളോടാണ് അടിപതറിയത്.