അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും തല ഉയര്‍ത്തി തന്നെയാണ് ഇന്ത്യന്‍ ടീം മടങ്ങുന്നത്. ടൂര്‍ണമെന്‍റിലുടനീളം മറ്റു ടീമുകളേക്കാള്‍ വളരെ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്‌ചവച്ചത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ മികവുപുലര്‍ത്തി (Indian team Performance in cricket world cup 2023 ).
ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെ അപരാജിത കുതിപ്പാണ് ടീം ഇന്ത്യ നടത്തിയത്. റാങ്കിങ്ങില്‍ പിന്നില്‍ നില്‍ക്കുന്ന ടീമുകളെയും വമ്പന്‍മാരായ ടീമുകളെയും എല്ലാം ഒന്നൊന്നായി പരാജയപ്പെടുത്തിയാണ് ഈ ലോകകപ്പില്‍ ഇന്ത്യ കുതിച്ചത്. നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്‌റ്റന്‍സിയും ബാറ്റിങ് പ്രകടനവും എല്ലാം ഈ ലോകകപ്പില്‍ എടുത്തുപറയേണ്ട ഒന്ന് തന്നെയായിരുന്നു.
രോഹിതിന്‍റെ നായകത്വത്തില്‍ മിക്ക ടീമുകള്‍ക്കെതിരെയും ഇന്ത്യ അനായാസ വിജയം നേടി. ബാറ്റിങ്ങില്‍ രോഹിത് ശര്‍മ നല്‍കിയ തുടക്കമാണ് എല്ലാ കളികളിലും ഇന്ത്യക്ക് നിര്‍ണായകമായത്. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം മിക്ക കളികളിലും രോഹിത് തന്‍റെ മിന്നും ഫോം ആവര്‍ത്തിച്ചു. ഈ ലോകകപ്പില്‍ 11 മത്സരങ്ങളില്‍ നിന്നായി 597 റണ്‍സാണ് ഹിറ്റ്‌മാന്‍ നേടിയത്. ലോകകപ്പിന്‍റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്‌റ്റനായി ഇതോടെ രോഹിത് മാറി.
രോഹിത് ശര്‍മയ്‌ക്ക് പുറമെ വിരാട് കോലിയുടെ ഇന്നിങ്‌സും ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ വിജയങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. 11 മത്സരങ്ങളില്‍ നിന്നായി 95.62 ശരാശരിയില്‍ 765 റണ്‍സാണ് കോലി അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറികളും ആറ് അര്‍ധസെഞ്ച്വറികളുമാണ് ഈ ലോകകപ്പില്‍ കിങ് കോലി നേടിയത്.
കോലിക്ക് പുറമെ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരുടെ പ്രകടനവും ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമായി. ആദ്യത്തെ കുറച്ചു മത്സരങ്ങളില്‍ നിറംമങ്ങിയ ശ്രേയസ് പിന്നീട് ശക്തമായ തിരിച്ചുവരവാണ് ടൂര്‍ണമെന്‍റില്‍ നടത്തിയത്. 530 റണ്‍സാണ് ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ ശ്രേയസ് അടിച്ചെടുത്തത്.
452 റണ്‍സ് നേടി കെഎല്‍ രാഹുലും ഈ ലോകകപ്പില്‍ തന്‍റെ പ്രകടനം മോശമാക്കിയില്ല. ബാറ്റിങ്ങിന് പുറമെ വിക്കറ്റ് കീപ്പിങ്ങിലും ശ്രദ്ധേയ പ്രകടനമാണ് വൈസ് ക്യാപ്‌റ്റന്‍ കൂടിയായ രാഹുല്‍ കാഴ്‌ചവച്ചത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്‌ക്ക് കൂട്ടാളിയായി ഇറങ്ങിയ ശുഭ്‌മാന്‍ ഗില്ലും 354 റണ്‍സ് നേടി ടൂര്‍ണമെന്‍റില്‍ തന്‍റെ ബാറ്റിങ് മികവ് വീണ്ടും കാണിച്ചുതന്നു.
ബോളിങ്ങില്‍ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ആദ്യത്തെ കുറച്ചുമത്സരങ്ങളില്‍ ബെഞ്ചിലിരുന്ന ഷമി പിന്നീട് കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളാണ് നേടിയത്. മൂന്ന് തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്. സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 57 റണ്‍സിന് ഏഴ് വിക്കറ്റെടുത്തതാണ് ഈ ലോകകപ്പിലെ ഷമിയുടെ എറ്റവും മികച്ച പ്രകടനം.
ഷമിക്ക് പുറമെ ഈ ലോകകപ്പില്‍ എറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബോളര്‍മാരില്‍ ആദ്യ അഞ്ചില്‍ ജസ്‌പ്രീത് ബുംറയും ഇടംപിടിച്ചു. 11 മത്സരങ്ങളില്‍ നിന്നായി 20 വിക്കറ്റുകളാണ് ബുംറ നേടിയത്. ഡെത്ത് ഓവറുകളിലെ ബുംറയുടെ മികവ് ഈ ലോകകപ്പിലും എല്ലാവരും കണ്ടും. പേസര്‍മാരില്‍ മുഹമ്മദ് സിറാജും ശ്രദ്ധേയ പ്രകടനമാണ് കാഴ്‌ചവച്ചത്. സ്‌പിന്നര്‍മാരില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ഈ ലോകകപ്പില്‍ മിന്നി.
Also Read : ഇന്ത്യയ്‌ക്ക് കണ്ണീര്‍ ; ഓസ്‌ട്രേലിയ ലോക ചാമ്പ്യന്മാര്‍, ട്രാവിസ് ഹെഡിന് സെഞ്ചുറി