മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 399 റണ്‍സാണ് അടിച്ച് കൂട്ടിയത് (England vs South Africa Score Updates). ആറാം വിക്കറ്റില്‍ ഹെൻറിച്ച് ക്ലാസനും മാര്‍ക്കോ ജാന്‍സനും ചേര്‍ന്ന് നടത്തിയ കടന്നാക്രമണമാണ് പ്രോട്ടീസിന് നിര്‍ണായകമായത്. ഹെൻറിച്ച് ക്ലാസന്‍ (Heinrich Klaasen) 67 പന്തില്‍ 109 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്‌കോററായി.
ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ക്വിന്‍റൺ ഡി കോക്കിനെ (2 പന്തില്‍ 4) നഷ്‌ടമായ ദക്ഷിണാഫ്രിക്കയെ തുടര്‍ന്ന് ഒന്നിച്ച റീസ ഹെൻഡ്രിക്സും റാസി വാൻ ഡെർ ഡസ്സെനും ചേര്‍ന്ന് ട്രാക്കിലാക്കി. 19.4 ഓവര്‍ വരെ നീണ്ട രണ്ടാം വിക്കറ്റില്‍ 121 റണ്‍സാണ് ഇരുവരും പ്രോട്ടീസ് ടോട്ടലില്‍ ചേര്‍ത്തത്. റാസി വാൻ ഡെർ ഡസ്സെനെ (61 പന്തില്‍ 60) ജോണി ബെയര്‍സ്റ്റോയുടെ കയ്യില്‍ എത്തിച്ച് ആദില്‍ റഷീദാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്.
അധികം വൈകാതെ റഷീദിന്‍റെ പന്തില്‍ ബൗള്‍ഡായി റീസ ഹെൻഡ്രിക്സ് (75 പന്തില്‍ 85) മടങ്ങുമ്പോള്‍ 25.2 ഓവറില്‍ 164 റണ്‍സ് എന്ന നിലയിലായിരുന്നു പ്രോട്ടീസ്. നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രവും ഹെൻറിച്ച് ക്ലാസനും ടീമിന് മുതല്‍ക്കൂട്ടായി. 69 റണ്‍സ് നീണ്ടു നിന്ന ഈ കൂട്ടുകെട്ട് റീസ് ടോപ്ലി എറിഞ്ഞ 35 ഓവറിന്‍റെ അവസാന പന്തിലാണ് പൊളിയുന്നത്. മാര്‍ക്രം (44 പന്തില്‍ 42) ബെയര്‍സ്റ്റോയുടെ കയ്യില്‍ ഒതുങ്ങി.
ഡേവിഡ് മില്ലര്‍ നിരാശപ്പെടുത്തിയെങ്കിലും മാര്‍ക്കോ ജാന്‍സനൊപ്പം ചേര്‍ന്ന ഹെൻറിച്ച് ക്ലാസന്‍ ആക്രമണം കടുപ്പിച്ചതോടെ ഇംഗ്ലീഷ് ബോളര്‍മാര്‍ പ്രതിരോധത്തിലായി. 40 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി തികച്ച ക്ലാസന് സെഞ്ചുറിയിലേക്ക് എത്താന്‍ പിന്നീട് 21 പന്തുകളാണ് വേണ്ടി വന്നത്.
മാര്‍ക്കോ ജാന്‍സനും ഒപ്പം പിടിച്ചതോടെ അവസാന ഓവറുകളില്‍ പ്രോട്ടീസ് സ്‌കോര്‍ കുതിച്ചു. ഗസ് അറ്റ്കിൻസൺ എറിഞ്ഞ അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ ഹെൻറിച്ച് ക്ലാസന്‍ ബൗള്‍ഡായതോടെയാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. 12 ഫോറുകളും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
ആറാം വിക്കറ്റില്‍ 77 പന്തുകളില്‍ നിന്നും 151 റണ്‍സാണ് ഹെൻറിച്ച് ക്ലാസന്‍-മാര്‍ക്കോ ജാന്‍സന്‍ സഖ്യം ചേര്‍ത്തത്. ജെറാൾഡ് കോറ്റ്സി (3 പന്തില്‍ 3) അഞ്ചാം പന്തില്‍ മടങ്ങിയപ്പോള്‍ മാര്‍ക്കോ ജാന്‍സനും (42 പന്തില്‍ 72), കേശവ് മഹാരാജ് എന്നിവര്‍ (1 പന്തില്‍ 1) പുറത്താവാതെ നിന്നു. ഈ ഓവറില്‍ കൂടുതല്‍ റണ്‍സ് വഴങ്ങാതെ ഗസ് അറ്റ്കിൻസൺ പിടിച്ച് നിന്നതോടെയാണ് പ്രോട്ടീസിന് 400 റണ്‍സ് കടക്കാന്‍ കഴിയാതിരുന്നത്. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
ALSO READ: Rohit Sharma : ധര്‍മ്മശാലയില്‍ ഹിറ്റ്‌മാന്‍ വമ്പന്‍ ഫ്ലോപ്പ്; കിവീസിനെതിരെ ആരാധകര്‍ക്ക് ആശങ്ക
ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക് (ഡബ്ല്യു), റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മാർക്രം (സി), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി
ഇംഗ്ലണ്ട് (പ്ലേയിങ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ(ഡബ്ല്യു/സി), ഡേവിഡ് വില്ലി, ആദിൽ റഷീദ്, ഗസ് അറ്റ്കിൻസൺ, മാർക്ക് വുഡ്, റീസ് ടോപ്ലി