പൂനെ: നെതര്‍ലന്‍ഡ്‌സിന്‍റെ ചോര വീഴ്‌ത്തി ടൂര്‍ണമെന്‍റിനോട് യാത്ര പറഞ്ഞ് ഇംഗ്ലണ്ട്. ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ തങ്ങള്‍ നേടിയ 339 റണ്‍സ് മറികടക്കാനെത്തിയ ഡച്ച് പടയെ 179 റണ്‍സിന് എറിഞ്ഞിട്ടാണ് ഇംഗ്ലണ്ട്, ടൂര്‍ണമെന്‍റിലെ അവസാന മത്സരം കളറാക്കിയത്. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി ആദില്‍ റഷീദും മൊയീന്‍ അലിയുമാണ് നെതര്‍ലന്‍ഡ്‌സിന്‍റെ പതനം വേഗത്തിലാക്കിയത്.
അതേസമയം ഏറെ പ്രതീക്ഷകളോടെ തന്നെയായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലീഷ് പട ഇന്ത്യന്‍ മണ്ണിലേക്കെത്തിയത്. പേരുകേട്ട ബാറ്റര്‍മാര്‍ക്കൊപ്പം തങ്ങളുടെ നിരയില്‍ 11 പേരും ബാറ്റുചെയ്യുമെന്ന അമിത ആത്മവിശ്വാസവും ടീമിനൊപ്പമുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട്, തൊട്ടടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ചാമ്പ്യന്മാരുടെ ട്രാക്കിലേക്ക് മടങ്ങിയെത്തിയെന്ന പ്രതീതിയും നല്‍കി.
എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍ അട്ടിമറിച്ചതിന് പിന്നാലെ ഇംഗ്ലണ്ട് വിജയത്തിനായി ദാഹിക്കുകയായിരുന്നു. എന്നാല്‍ ഇത് സംഭവിച്ചത് എട്ടാം മത്സരമായ നെതര്‍ലന്‍ഡ്‌സിനെതിരെയാണെന്ന് മാത്രം.
പതിവുപോലെ നില്‍പ്പുറയ്‌ക്കാതെ ഓപ്പണര്‍മാര്‍ : ഇംഗ്ലണ്ട് ഉയര്‍ത്തിയ ഭീമന്‍ വിജയലക്ഷ്യം മറികടക്കുന്നത് സ്‌കോട്ട് എഡ്‌വേഡ്‌സിന്‍റെ നെതര്‍ലന്‍ഡ്‌സിന് എളുപ്പമല്ലെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് സ്വയം പ്രതിസന്ധി വരുത്തിവയ്‌ക്കരുതെന്നും ഡച്ച് പടയ്‌ക്ക് അറിയാമായിരുന്നു. ഈ ലക്ഷ്യങ്ങളും മനസില്‍ കുറിച്ച് തന്നെയായിരുന്നു നെതര്‍ലന്‍ഡ്‌സിനായി ഓപ്പണര്‍മാരായ വെസ്ലി ബറസിയും മാക്‌സ് ഓഡൗഡും ക്രീസിലെത്തിയത്. എന്നാല്‍ പതിവുപോലെ തന്നെ ആദ്യ അഞ്ച് ഓവറിനുള്ളില്‍ ആദ്യ വിക്കറ്റ് ഡച്ച് നിരയ്‌ക്ക് നഷ്‌ടമായി. ക്രിസ് വോക്‌സിന്‍റെ പന്തില്‍ മൊയീന്‍ അലിയുടെ ക്യാച്ചിലായിരുന്നു മാക്‌സ് ഓഡൗഡ് (5) മടങ്ങിയത്.
Also Read: ലോകകപ്പില്‍ ഒരു ഇന്ത്യ-പാകിസ്ഥാന്‍ സെമി ; സാധ്യതകള്‍ അറിയാം..
ഒരു പോരാട്ടത്തിന്‍റെ തുടക്കം : തൊട്ടുപിന്നാലെ കോളിന്‍ അക്കര്‍മാന്‍ എത്തിയെങ്കിലും ഒരു പന്തിനിപ്പുറം സംപൂജ്യനായി മടങ്ങി. ഇംഗ്ലണ്ടിന്‍റെ പേസ് കരുത്തായ ഡേവിഡ് വില്ലിയുടെ പന്തില്‍ ജോസ് ബട്‌ലറുടെ കൈകളിലൊതുങ്ങിയായിരുന്നു അക്കര്‍മാന്‍റെ മടക്കം. എന്നാല്‍ പിറകെയെത്തിയ സൈബ്രൻഡ് ഏഞ്ചല്‍ബ്രെച്ചിനെ ഒപ്പം കൂട്ടി വെസ്ലി ബറസി നെതര്‍ലന്‍ഡിനായുള്ള പോരാട്ടം തുടര്‍ന്നു. ഇതോടെ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 13 റണ്‍സ് എന്ന നിലയില്‍ നിന്ന് ടീം സ്‌കോര്‍ബോര്‍ഡ് ചലിച്ചു.
എന്നാല്‍ 18ാം ഓവറില്‍ വെസ്ലി ബറസിയെ റണ്‍ഔട്ടില്‍ കുടുക്കി ഇംഗ്ലണ്ട് അവരുടെ താല്‍ക്കാലിക ആശ്വാസം കണ്ടെത്തി. ഈ സമയം നേരിട്ട 62 പന്തുകളില്‍ 37 റണ്‍സായിരുന്നു ബറസിയുടെ സമ്പാദ്യം. ഈ സമയം ക്രീസിലുണ്ടായിരുന്ന സൈബ്രൻഡ് ഏഞ്ചല്‍ബ്രെച്ചിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ തൊട്ടുപിറകെ ഡച്ച് നായകന്‍ സ്‌കോട്ട് എഡ്‌വേഡ്‌സ് തന്നെ നേരിട്ടെത്തി. ഇരുവരും ചേര്‍ന്ന് കരുതലിന്‍റെ ഇന്നിങ്‌സ് തുടങ്ങിയ വേളയില്‍ ഡേവിഡ് വില്ലി വീണ്ടും നെതര്‍ലന്‍ഡ്‌സിന്‍റെ അന്തകനായി. 49 പന്തില്‍ 33 റണ്‍സുമായി നിന്ന ഏഞ്ചല്‍ബ്രെച്ചിനെ മടക്കിയയച്ചായിരുന്നു ഇത്. എന്നാല്‍ നായകന്‍ സ്‌കോട്ട് എഡ്‌വേഡ്‌സിന് ഒത്ത പിന്തുണ നല്‍കാന്‍ പിറകെയെത്തിയ ബാസ് ഡി ലീഡിന് (10) കഴിഞ്ഞില്ല.
തോറ്റ് മടങ്ങി ഡച്ച് നിര : തുടര്‍ന്നെത്തിയ തേജ നിദമനുരുവിനെ കൂടെ കൂട്ടി സ്‌കോട്ട് എഡ്‌വേഡ്‌സ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ 34ാം ഓവറില്‍ മൊയീന്‍ അലിയുടെ പന്തില്‍ ഡച്ച് നായകന്‍ വീണു. ഡേവിഡ് മലാന് ക്യാച്ച് നല്‍കിയായിരുന്നു സ്‌കോട്ട് എഡ്‌വേഡ്‌സിന്‍റെ (42 പന്തില്‍ 38 റണ്‍സ്) തിരിച്ചുകയറ്റം. പകരമെത്തിയ ലോഗന്‍ വാന്‍ ബീക്ക് (2) രണ്ട് പന്തുകള്‍ക്കിപ്പുറവും മടങ്ങിയതോടെ നെതര്‍ലന്‍ഡ്‌സ് വമ്പന്‍ തോല്‍വി മണത്തു.
തേജ നിദമനുരു (34 പന്തില്‍ പുറത്താവാതെ 41 റണ്‍സ്) ക്രീസില്‍ ഉറച്ചുനിന്നുവെങ്കിലും എതിര്‍വശത്ത് റോലോഫ് വാൻ ഡെർ മെർവെ (0), ആര്യന്‍ ദത്ത് (1), പോള്‍ വാന്‍ മീകെരന്‍ (4) എന്നിവര്‍ നില്‍പ്പുറയ്‌ക്കാതെ വന്നതാടെ ഡച്ച് പട ഇംഗ്ലണ്ടിന് മുന്നില്‍ 160 റണ്‍സിന്‍റെ പരാജയം വഴങ്ങുകയായിരുന്നു. അതേസമയം ഇംഗ്ലണ്ടിനായി ആദില്‍ റഷീദും മൊയീന്‍ അലിയും മൂന്ന് വിക്കറ്റുകള്‍ വീതവും, ഡേവിഡ് വില്ലി രണ്ടും ക്രിസ് വോക്‌സ് ഒരു വിക്കറ്റും വീഴ്‌ത്തി.