മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയെ (India vs Bangladesh) അനായാസ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായത് വിരാട് കോലിയുടെ (Virat Kohli) സെഞ്ചുറി പ്രകടനമാണ്. മത്സരത്തില്‍ 97 പന്തില്‍ 103 റണ്‍സ് നേടിയ വിരാട് കോലി പുറത്താവാതെ നിന്നിരുന്നു.
- " class="align-text-top noRightClick twitterSection" data="">
താരത്തിന്‍റെ ഏകദിന കരിയറിലെ 48-ാം സെഞ്ചുറിയാണിത്. ഏറെ നാടകീയമായി ആയിരുന്നു കോലി സെഞ്ചുറിയിലേക്ക് എത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് എത്താന്‍ ഇന്ത്യയ്‌ക്ക് 26 റണ്‍സ് വേണ്ടിയിരുന്ന സമയത്ത് കോലിയുടെ വ്യക്തിഗ സ്‌കോര്‍ 74 റണ്‍സായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒപ്പമുണ്ടായിരുന്ന കെഎല്‍ രാഹുലിന്‍റെ (KL Rahul) സഹായം കൂടി ലഭിച്ചതോടെയാണ് താരം മൂന്നക്കത്തിലേക്ക് എത്തിയത്.
കോലിക്ക് സെഞ്ചുറി തികയ്‌ക്കാന്‍ നോൺ-സ്ട്രൈക്കിങ് പങ്കാളിയായ രാഹുൽ സിംഗിൾസ് പോലും നിഷേധിക്കുന്ന നിമിഷങ്ങളും മത്സരത്തിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇരുവരുടേയും പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുയാണ് വെറ്ററന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര (Cheteshwar Pujara). ടീമിനാണ് പ്രധാന്യം നല്‍കേണ്ടതെന്നും റണ്‍റേറ്റ് ഉയര്‍ത്തുന്നതിനായി മത്സരം കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നുമാണ് ചേതേശ്വര്‍ പുജാര പറയുന്നത് (Cheteshwar Pujara on Virat Kohli's Century against Bangladesh in Cricket World Cup 2023 match).
"വിരാട് കോലി ആ സെഞ്ചുറി നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, കഴിയുന്നത്ര വേഗത്തില്‍ ആ മത്സരം പൂര്‍ത്തിയാക്കണമെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. റണ്‍ റേറ്റ് ഉയര്‍ത്താനാണ് എപ്പോഴും നിങ്ങള്‍ ശ്രമിക്കേണ്ടത്.
ഇനി നെറ്റ് റണ്‍റേറ്റിനായി പോരാടേണ്ടി വരുന്ന അവസരത്തില്‍, ഇത്തരം നിമിഷങ്ങളിലേക്ക് നിങ്ങള്‍ തിരിഞ്ഞു നോക്കി 'അപ്പോള്‍ അത് ചെയ്യാമായിരുന്നു' എന്ന് പറഞ്ഞിട്ട് കാര്യമില്ല. ടീമിന്‍റെ മികച്ചതിനായി ചിലപ്പോള്‍ നിങ്ങള്‍ക്ക് അൽപ്പം ത്യാഗം സഹിക്കേണ്ടി വന്നേക്കാം. എപ്പോഴും നിങ്ങള്‍ ടീമിനെയാണ് നോക്കേണ്ടത്.
ടീമിനെ ഒന്നാമതെത്തിക്കണം. ഇതിനെ ഞാന്‍ അങ്ങിനെയാണ് നോക്കിക്കാണുന്നത്. നിങ്ങള്‍ നാഴികകല്ലുകള്‍ നേടുന്നത് ടീമിന്‍റെ ചിലവിലാവരുത്. ഒരു കളിക്കാരനെന്ന നിലയിൽ, നിങ്ങൾക്ക് എല്ലായെപ്പോഴും ഒരു ചോയ്‌സുണ്ട്. സെഞ്ചുറി നേടാന്‍ കഴിഞ്ഞാല്‍, അതു അടുത്ത മത്സരത്തില്‍ സഹായിക്കുമെന്ന് ചിന്തിക്കുന്ന ചില കളിക്കാരുണ്ട്. അതിനാല്‍ ഇതെല്ലാം ഓരോരുത്തരുടേയും മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നതാണ്" ചേതേശ്വര്‍ പുജാര വ്യക്തമാക്കി.