ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി ഓസ്‌ട്രേലിയ. റണ്‍മല പിറന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ അഞ്ച് റണ്‍സിനാണ് ഓസീസ് കീഴടക്കിയത് (Australia vs New Zealand highlights). ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ഉയര്‍ത്തിയ 389 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 383 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.
രചിന്‍ രവീന്ദ്ര Rachin Ravindra (89 പന്തില്‍ 116), ഡാരില്‍ മിച്ചല്‍ (51 പന്തില്‍ 54), ജയിംസ് നീഷാം (39 പന്തില്‍ 58) എന്നിവരുടെ മികവിലാണ് കിവീസ് ലക്ഷ്യത്തിന് അടുത്തെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ട്.
വമ്പന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ആദ്യ വിക്കറ്റില്‍ 61 റണ്‍സ് ചേര്‍ത്ത് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയും വില്‍ യങ്ങും നല്‍കിയത്. എട്ടാം ഓവറിന്‍റെ രണ്ടാം പന്തില്‍ കോണ്‍വേയെ തിരിച്ചയച്ച് ജോഷ് ഹെയ്‌സല്‍വുഡാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രു സമ്മാനിച്ചത്. പിന്നാലെ വില്‍ യങ്ങിനേയും (37 പന്തില്‍ 32) ഹെയ്‌സല്‍വുഡ് പവലിയനിലേക്ക് മടക്കി.
തുടര്‍ന്ന് ഒന്നിച്ച രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും മികച്ച രീതിയില്‍ ന്യൂസിലന്‍ഡിനെ മുന്നോട്ട് നയിച്ചു. 96 റണ്‍സ് നീണ്ടുനിന്ന കൂട്ടുകെട്ട് ഡാരില്‍ മിച്ചലിനെ വീഴ്‌ത്തി (51 പന്തില്‍ 54) ആദം സാംപയാണ് പൊളിച്ചത്. ക്യാപ്റ്റന്‍ ടോം ലാഥം (22 പന്തില്‍ 21), ഗ്ലെന്‍ ഫിലിപ്‌സ് (16 പന്തില്‍ 12) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഒരറ്റത്ത് നിലയുറപ്പിച്ച രചിന്‍ രവീന്ദ്ര സെഞ്ചുറിയിലേക്ക് എത്തി.
ആറാം വിക്കറ്റില്‍ ജയിംസ് നീഷാമിനൊപ്പം 28 റണ്‍സ് കൂട്ടിച്ചേര്‍ത്ത് രചിന്‍ മടങ്ങുമ്പോള്‍ 40.2 ഓവറില്‍ ആറിന് 293 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്. 9 ഫോറുകളും അഞ്ച് സിക്‌സും നേടിയ രചിനെ പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പിടികൂടുകയായിരുന്നു. ഇതിന് ശേഷം ജയിംസ് നീഷാം ആക്രമിച്ചുവെങ്കിലും മിച്ചല്‍ സാന്‍റ്‌നര്‍ (12 പന്തില്‍ 17), മാറ്റ് ഹെൻറി (8 പന്തില്‍ 9) എന്നിവര്‍ നിരാശപ്പെടുത്തി.
നീഷാമും ട്രെന്‍റ് ബോള്‍ട്ടും ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ വിജയിക്കാന്‍ 19 റണ്‍സായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. എന്നാല്‍ 13 റണ്‍സ് മാത്രം വഴങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിന്‍റെ വിജയം ഉറപ്പിച്ചു. അഞ്ചാം പന്തില്‍ നീഷാം റണ്ണൗട്ടാവുകയും ചെയ്‌തു. ട്രെന്‍റ് ബോള്‍ട്ടിനൊപ്പം (8 പന്തില്‍ 10), ലോക്കി ഫെര്‍ഗൂസണ്‍ (1 പന്തില്‍ 0) പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 49.2 ഓവറില്‍ 388 റണ്‍സെടുത്ത് ഓള്‍ഔട്ടാവുകയായിരുന്നു. ട്രാവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81), ഗ്ലെന്‍ മാക്‌സ്‌വെല്‍ (24 പന്തില്‍ 41), ജോഷ് ഇംഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന്‍സ് (14 പന്തില്‍ 37) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ വമ്പന്‍ ടോട്ടലിലേക്ക് നയിച്ചത്.