മുംബൈ : ടൂര്‍ണമെന്‍റിന്‍റെ കറുത്ത കുതിരകളായ അഫ്‌ഗാനിസ്ഥാനെ നിലംതൊടീക്കാതെ ലോകകിരീടം തൂക്കി കൈ തഴമ്പിച്ച ഓസീസ്. പതിഞ്ഞതാളത്തില്‍ തുടങ്ങി അവസാന ഓവറുകളില്‍ ആളിക്കത്തി കൊണ്ട് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 291 റണ്‍സ് മറികടക്കാനെത്തിയ കങ്കാരുപ്പടയ്‌ക്ക് കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നു അഫ്‌ഗാന്‍ ബോളിങ് നിര. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ അഫ്‌ഗാന്‍ തകര്‍ന്നടിയുകയായിരുന്നു.
മത്സരത്തിന്‍റെ തുടക്കത്തില്‍ നിര്‍ണായക സമയത്ത് അതിനിര്‍ണായക വിക്കറ്റുകള്‍ കണ്ടെത്തിയ അഫ്‌ഗാന്‍ ബോളര്‍മാര്‍ ഓസീസിന്‍റെ നട്ടെല്ലൊടിച്ചു. എന്നാല്‍ മുന്നേറ്റനിരയും മധ്യനിരയും തകര്‍ന്ന മത്സരത്തില്‍ ഓസീസിനായി 128 പന്തില്‍ 201 റണ്‍സ് എന്ന എണ്ണം പറഞ്ഞ സ്‌കോര്‍ ഓസീസിന് ത്രില്ലര്‍ ജയം സമ്മാനിക്കുകയായിരുന്നു. മത്സരത്തിലെ ജയത്തോടെ എട്ട് മത്സരങ്ങളില്‍ ആറ് വിജയത്തോടെ ഓസ്‌ട്രേലിയ സെമി സാധ്യത നിലനിര്‍ത്തി.
തുടക്കം പിഴച്ച് ഓസീസ്: 143 പന്തില്‍ എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം പുറത്താവാതെ 129 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്‍റെ കിടിലന്‍ ബാറ്റിങും അവസാനഭാഗത്ത് റാഷിദ് ഖാന്‍റെ തകര്‍പ്പനടികളും കൊണ്ട് കെട്ടിപ്പടുത്ത അഫ്‌ഗാന്‍റെ 291 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഓസീസിനായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡുമാണ് ക്രീസില്‍ ആദ്യമായെത്തിയത്. എന്നാല്‍ രണ്ടാമത്തെ ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമിരിക്കെ ട്രാവിസ് ഹെഡ് (0) മടങ്ങി. പിന്നാലെ മിച്ചല്‍ മാര്‍ഷ് എത്തിയെങ്കിലും ടീം സ്‌കോര്‍ അമ്പത് പിന്നിടും മുമ്പേ മാര്‍ഷിനും (24) മടങ്ങേണ്ടതായി വന്നു. നവീനുല്‍ ഹഖ് മാര്‍ഷിനെ ലെഗ് ബൈ വിക്കറ്റില്‍ കുരുക്കുകയായിരുന്നു.
രക്ഷകന്‍റെ വരവ് കാത്ത്: സാധാരണമായി ഓസീസിന് മികച്ച തുടക്കം കണ്ടെത്താറുള്ള ഡേവിഡ് വാര്‍ണറിനും (18) മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതോടെ ഓസ്‌ട്രേലിയന്‍ കൂടാരത്തില്‍ പരാജയഭീതി നിറഞ്ഞിരുന്നു. പിന്നാലെയെത്തിയ ജോഷ് ഇന്‍ഗ്ലിസും (0) തിരിച്ചുകയറിയതോടെ ഓസീസ് ബാറ്റര്‍മാരുടെ ചിന്ത വിജയത്തില്‍ നിന്ന് മാറി പരാജയഭാരം കുറയ്‌ക്കുന്നതിലായി. ഈസമയം ക്രീസിലുണ്ടായിരുന്ന മാര്‍നസ് ലബുഷെയ്‌നിനെ (14) റഹ്‌മത്ത് ഷാ റണ്‍ഔട്ടിലൂടെ പുറത്തായതോടെ ഓസീസ് കൂടാരത്തിന് തീപിടിച്ചതായി ആരാധകരും ഉറപ്പിച്ചു. പിന്നാലെയെത്തിയ മാര്‍ക്കസ് സ്‌റ്റോയിനിസിനും (6) മിച്ചല്‍ സ്‌റ്റാര്‍ക്കിനും (3) ക്രീസിനെ അളക്കാനുള്ള സമയവും ലഭിച്ചില്ല.
മെജസ്‌റ്റിക് മാക്‌സി ഷോ : എന്നാല്‍ ഇതിനിടെ ക്രീസിലെത്തിയ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ മികച്ചൊരു സ്‌കോറിങ് പങ്കാളിയെ തേടുകയായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഈ റോള്‍ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്‌തു. തന്‍റെ പേരിനൊപ്പം റണ്‍സുകള്‍ കൂട്ടിച്ചേര്‍ക്കാതെ എതിര്‍വശത്ത് നിന്ന് മാക്‌സ്‌വെല്ലിന്‍റെ ത്രില്ലര്‍ പോരാട്ടത്തിന് സാക്ഷിയാവുകയായിരുന്നു പാറ്റ് കമ്മിന്‍സ്. ഇതോടെ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 91 റണ്‍സ് എന്ന സ്‌കോര്‍ബോര്‍ഡിലെ പടുകുഴിയില്‍ നിന്ന് ഓസ്‌ട്രേലിയ നൂറും നൂറ്റമ്പതും ഇരുന്നൂറും റണ്ണുകള്‍ സുഗമമായി ഓടി തുടങ്ങി.
ഇതിനിടെ മാക്‌സ്‌വെല്ലിന്‍റേതായെത്തിയ രണ്ട് ക്യാച്ചുകള്‍ അഫ്‌ഗാന്‍ താരങ്ങള്‍ കൈവിട്ടുകളഞ്ഞതും അമ്പയര്‍ ഔട്ട് വിളിച്ചതിനെ റിവ്യൂവിലൂടെ മറികടന്നതും മാക്‌സ്‌വെല്ലില്‍ ആത്മവിശ്വാസവും വര്‍ധിപ്പിച്ചു. ഇതോടെ പവര്‍ മോഡിലേക്ക് മാറിയ മാക്‌സ്‌വെല്‍ എണ്ണം പറഞ്ഞ അഫ്‌ഗാന്‍ ബൗളര്‍മാരെ തിരഞ്ഞുപിടിച്ച് അടിച്ചു ബൗണ്ടറി കടത്തി. ഇതിനിടെ വലത് കാലിന് പരിക്കേല്‍ക്കുകയും ഗ്രൗണ്ടില്‍ വീണുപോവുകയും ചെയ്‌ത മാക്‌സ്‌വെല്‍ ഒരുപക്ഷേ ക്രീസ് വിടുമെന്ന പ്രതീതിയും ഉണര്‍ന്നു. എന്നാല്‍ ഓസീസ് വിജയമെന്ന മഹാലക്ഷ്യം പരിക്കേറ്റ കാലുകൊണ്ട് താങ്ങി മാക്‌സ്‌വെല്‍ കൂറ്റനടികളിലേക്ക് കടന്നു.
'മാക്‌സി'മം റെക്കോഡുകളും: അങ്ങനെ 47ാം ഓവര്‍ എറിയാനെത്തിയ മുജീബുര്‍ റഹ്‌മാന്‍റെ രണ്ട് മൂന്നും പന്തുകള്‍ തുടര്‍ച്ചയായി സിക്‌സറുകളും മൂന്നാം പന്ത് ബൗണ്ടറിയും പായിച്ച് മാക്‌സ്‌വെല്‍ വിജയം അഞ്ച് റണ്‍സ് അകലെ എത്തിച്ചു. തുടര്‍ന്നുള്ള പന്ത് പടുകൂറ്റന്‍ സിക്‌സര്‍ കൂടി പറപ്പിച്ച് ഓസീസിന്‍റെ പ്രിയപ്പെട്ട മാക്‌സി ടീമിന് വിജയവും സമ്മാനിച്ചു.
നിര്‍ണായക മത്സരത്തില്‍ ടീമിനായി ഇരട്ട സെഞ്ചുറി നേടി എന്നതിലുപരി, ഏകദിനത്തില്‍ ഒരു ഓസ്‌ട്രേലിയക്കാരന്‍റെ ഏറ്റവും വലിയ സ്‌കോര്‍, ഏകദിനത്തിലെ റണ്‍ ചേസിങ്ങില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഏറ്റവും ഉയര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട്, ഓപ്പണര്‍ അല്ലാത്ത ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ തുടങ്ങി വലിയൊരു നിര റെക്കോഡുകള്‍ കൂടി മാക്‌സ്‌വെല്‍ സ്വന്തമാക്കി. ഇവ കൂടാതെ ക്രിസ് ഗെയ്‌ലിനും രോഹിത് ശര്‍മയ്‌ക്കും പിന്നാലെ ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ച താരം എന്ന പൊന്‍തൂവലും മാക്‌സ്‌വെല്‍ തന്‍റെ തൊപ്പിയില്‍ ചൂടി.
Also Read: ഇബ്രാഹിം സദ്രാന് ചരിത്ര സെഞ്ചുറി ; ഓസീസിനെതിരെ അഫ്‌ഗാന് മികച്ച സ്‌കോര്‍