ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വിജയത്തിന് പിന്നാലെ ഐസിസി റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ഐസിസിയുടെ ഏറ്റവും പുതിയ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഓസീസ് താരങ്ങള്‍. 903 റേറ്റിങ് പോയിന്‍റുമായി മാര്‍നസ് ലെബുഷെയ്‌ന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഒരു സ്ഥാനം മെച്ചപ്പെടുത്തിയ സ്റ്റീവ് സ്‌മിത്ത് രണ്ടാം സ്ഥാനത്തേക്കും മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ട്രാവിസ് ഹെഡ് മൂന്നാം സ്ഥാനത്തേക്കും എത്തി. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരായ സെഞ്ചുറി പ്രകടനമാണ് ഇരു താരങ്ങള്‍ക്കും തുണയായത്. ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 174 പന്തിൽ നിന്ന് 163 റൺസ് നേടിയ ട്രാവിസ് ഹെഡ് മിന്നിയിരുന്നു.
ഇന്ത്യൻ ബോളര്‍മാരെ ഏകദിന ശൈലിയില്‍ നേരിട്ടായിരുന്നു 29-കാരനായ ട്രാവിസ് ഹെഡ് ടെസ്റ്റില്‍ തന്‍റെ ഒമ്പതാം സെഞ്ചുറി നേടിയത്. ഹെഡിന് പിന്തുണ നല്‍കി കളിച്ച സ്‌റ്റീവ് സ്‌മിത്ത് 168 പന്തില്‍ 121 റണ്‍സായിരുന്നു കണ്ടെത്തിയത്. 885 റേറ്റിങ് പോയിന്‍റുമായാണ് സ്റ്റീവ് സ്‌മിത്ത് രണ്ടാം സ്ഥാനത്ത് എത്തിയത്.
884 റേറ്റിങ് പോയിന്‍റാണ് ട്രാവിസ് ഹെഡിനുള്ളത്. ആദ്യ ഇന്നിങ്സിലെ തകര്‍പ്പന്‍ പ്രകടത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ താരമായും ഹെഡ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ന്യൂസിലന്‍ഡ് താരം കെയ്‌ന്‍ വില്യംസണ്‍ രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന് നാലാമതെത്തി. പാക് നായകന്‍ ബാബര്‍ അസം, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരും ഓരോ സ്ഥാനങ്ങള്‍ നഷ്‌ടമായി യഥാക്രമം അഞ്ചും ആറും റാങ്കിലെത്തി.
ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍, ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ എന്നിവര്‍ ഓരോ സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഏഴും എട്ടും സ്ഥാനത്ത് എത്തിയപ്പോള്‍ ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ രണ്ട് സ്ഥാനങ്ങള്‍ ഇടിഞ്ഞ് ഒമ്പതാമതെത്തി. 10-ാമതുള്ള റിഷഭ് പന്താണ് ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ ബാറ്റര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തില്‍ കാര്‍ അപകടത്തില്‍പെട്ട് പരിക്കേറ്റ താരം ഏറെ നാളായി കളത്തിന് പുറത്താണ്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 12-ാം റാങ്കിലും വിരാട് കോലി 13-ാം റാങ്കിലുമാണ്. ബോളര്‍മാരുടെയും ഓള്‍ റൗണ്ടര്‍മാരുടേയും റാങ്കിങ്ങില്‍ ഇന്ത്യയുടെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ബോളറാണെങ്കിലും ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കളിക്കാന്‍ അശ്വിന് അവസരം ലഭിച്ചിരുന്നില്ല.
ALSO READ: TNPL 2023| ഒരു ഓവറിലല്ല, ഒരു പന്തില്‍ 18 റണ്‍സ്; നാണക്കേടിന്‍റെ റെക്കോഡ് ടിഎന്‍പിഎല്ലില്‍