ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടം കൊയ്‌ത് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ യശസ്വി ജയ്‌സ്വാളും ബോളര്‍മാരുടെ റാങ്കിങ്ങില്‍ അക്‌സര്‍ പട്ടേലും ആദ്യ പത്തിലേക്ക് കുതിച്ചു. (ICC T20I Rankings Axar Patel and Yashasvi Jaiswal storm in top 10). ഇതാദ്യമായാണ് ഇരു താരങ്ങളും ടി20 റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തുന്നത്.
അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍ ആറാം റാങ്കിലേക്കാണ് എത്തിയത്. (Yashasvi Jaiswal T20 Rankings) ഏഴ് സ്ഥാനങ്ങളാണ് 22-കാരന്‍ മെച്ചപ്പെടുത്തിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ 34 പന്തുകളില്‍ അഞ്ച് ഫോറുകളും ആറ് സിക്‌സറുകളും സഹിതം 68 റണ്‍സായിരുന്നു യശസ്വി നേടിയത്.
ചെറിയ പരിക്കിനെ തുടര്‍ന്ന് മൊഹാലിയില്‍ അരങ്ങേറിയ ആദ്യ ടി20യില്‍ താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ ശിവം ദുബെ വമ്പന്‍ കുതിച്ചുചാട്ടം തന്നെയാണ് നടത്തിയിരിക്കുന്നത്. അഫ്‌ഗാനെതിരായ രണ്ട് ടി20കളിലും അപരാജിത അര്‍ധ സെഞ്ചുറി നേടി തിളങ്ങാന്‍ 30-കാരനായ ദുബെയ്‌ക്ക് കഴിഞ്ഞിരുന്നു. അഫ്‌ഗാനെതിരെ ഇറങ്ങും മുമ്പ് 265-ാം റാങ്കിലായിരുന്നു ദുബെ ഉണ്ടായിരുന്നത്.
എന്നാല്‍ മൊഹാലിയില്‍ 40 പന്തുകളിൽ പുറത്താവാതെ 60 റൺസും ഇൻഡോറിൽ 32 പന്തുകളിൽ പുറത്താവാതെ 63 റൺസും നേടിയ താരം റാങ്കിങ്ങില്‍ ടോപ് ഗിയറിലാണ് കുതിച്ചത്. 207 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ശിവം ദുബെയുടെ പുതിയ റാങ്കിങ് 58 ആണ്. പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്‌ടമായ സൂര്യകുമാര്‍ യാദവിന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്താന്‍ മറ്റ് താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഒമ്പതാം റാങ്കിലുള്ള റുതുരാജ് ഗെയ്‌ക്‌വാദാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. 14 മാസങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര ടി20യിലേക്ക് തിരികെ എത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് കളിച്ച രണ്ട് മത്സരങ്ങളിലും അക്കൗണ്ട് തുറക്കാന്‍ കഴിയാതെ വന്നതോടെ ഒമ്പത് സ്ഥാനങ്ങള്‍ നഷ്‌ടമായി 68-ാം റാങ്കിലേക്ക് താഴ്‌ന്നു.
ഒരു മത്സരം കളിച്ച വിരാട് കോലി ഒരു സ്ഥാനം താഴ്‌ന്ന് 44-ാം റാങ്കിലാണ്. അഫ്ഗാനിസ്ഥാനെതിരെ കളിച്ച ഏക ടി20യില്‍ മികവ് കാട്ടാനായില്ലെങ്കിലും ഏഴ് സ്ഥാനങ്ങള്‍ ഉയര്‍ന്ന ശുഭ്‌മാൻ ഗിൽ 60-ാം റാങ്കിലേക്ക് എത്തി. ആദ്യ ടി20യില്‍ നിരാശപ്പെടുത്തിയെങ്കിലും തിലക് വർമ മൂന്ന് സ്ഥാനം ഉയർന്ന് 63-ാം റാങ്കിലുണ്ട്. ഇഷാന്‍ കിഷന് നാല് സ്ഥാനങ്ങള്‍ നഷ്‌ടപ്പെട്ടു. 51-ാമതാണ് നിലവില്‍ ഇഷാനുള്ളത്.
ബോളര്‍മാരുടെ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്കാണ് അക്‌സര്‍ പട്ടേല്‍ ഉയര്‍ന്നത്. (Axar Patel T20 Rankings). 12 സ്ഥാനങ്ങളാണ് അക്‌സര്‍ മെച്ചപ്പെടുത്തിയിരിക്കുന്നത്. അഫ്‌ഗാനെതിരായ ആദ്യ ടി20യില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റുകളും രണ്ടാം ടി20യില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റുകളുമായി താരം മിന്നിയിരുന്നു. അര്‍ഷ്‌ദീപ് സിങ് നാവ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 21-ാം റാങ്കിലേക്ക് എത്തി.
അഫ്‌ഗാനെതിരെ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന രവി ബിഷ്‌ണോയ് നാല് സ്ഥാനങ്ങള്‍ താഴ്‌ന്ന് ആറാമതായി. ആദ്യ രണ്ട് ടി20കളിലും അവസരം ലഭിക്കാതിരുന്ന കുല്‍ദീപ് യാദവ് നാല് സ്ഥാനങ്ങള്‍ നഷ്‌ടമായി 28-ാം റാങ്കിലേക്ക് എത്തി. ഓൾ റൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ അഞ്ചാം റാങ്കിലുണ്ട്.
ALSO READ: ഒരൊറ്റ മത്സരം കൊണ്ട് വിലയിരുത്തുന്നത് തെറ്റ്; സഞ്‌ജുവിന്‍റെ കരിയറിനെ കുറിച്ച് ആകാശ് ചോപ്ര