ഹൈദരാബാദ്: സര്‍ക്കാര്‍ ഇടപെടല്‍ കണ്ടെത്തിയതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്‌ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ ഏഴിലും തോറ്റ ടീമിന്‍റെ മോശം ഫോമിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍ കണ്ടെത്തി ഐസിസിയുടെ സസ്‌പെന്‍ഷന്‍ എത്തുന്നത്.
അതേസമയം ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി, അപ്പീല്‍ കോടതി പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്‌ച പാര്‍ലമെന്‍റില്‍ സര്‍ക്കാരും പ്രതിപക്ഷവും സംയുക്ത പ്രമേയമിറക്കി ക്രിക്കറ്റ് ബോര്‍ഡിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ രാഷ്‌ട്രീയം കൂടിയെത്തി കലുഷിതമായ സാഹചര്യത്തിലാണ്, ശ്രീലങ്കൻ ക്രിക്കറ്റിന്‍റെ ഐസിസി അംഗത്വം അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ സസ്പെൻഡ് ചെയ്‌തതായുള്ള പ്രസ്‌താവന പുറത്തുവരുന്നത്.
സസ്‌പെന്‍ഷന്‍ ഇങ്ങനെ: ഇന്ന് (10.11.2023) ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗം, അംഗമെന്ന നിലയില്‍ ശ്രീലങ്ക ക്രിക്കറ്റ് അതിന്‍റെ ബാധ്യതകളില്‍ ഗുരുതരമായ ലംഘനം നടത്തുന്നതായി കണ്ടെത്തി. പ്രത്യേകിച്ചും അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വയംഭരണാധികാരത്തോടെ കൈകാര്യം ചെയ്യുന്നതിലും നിയന്ത്രണത്തിലും, അല്ലെങ്കിൽ ഭരണത്തിലും സർക്കാർ ഇടപെടൽ ഇല്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന കാര്യത്തില്‍. ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ സസ്പെൻഷന്‍ വ്യവസ്ഥകൾ ഐസിസി യഥാസമയം തീരുമാനിക്കുമെന്നും ഐസിസി പ്രസ്‌താവനയില്‍ കുറിച്ചു.
Also Read: 'ബിരിയാണി ഇഷ്‌ടമായല്ലോ അല്ലോ?, ഇനി തിരികെ വിട്ടോ..'; പാകിസ്ഥാനെ ട്രോളി വിരേന്ദര്‍ സെവാഗ്