ദുബായ്: ഐസിസി വനിത റാങ്കിങ്ങില്‍ കുതിപ്പുമായി ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന. ഏറ്റവും പുതിയ ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാനത്താണ് മന്ദാന എത്തിയത്. ഏകദിന റാങ്കിങ്ങില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ താരം ഏഴാമതെത്തി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മിന്നും ഫോമാണ് മന്ദാനയ്‌ക്ക് മുതല്‍ക്കൂട്ടായത്. മൂന്ന് മത്സര ടി20 പരമ്പരയില്‍ 111 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് കഴിഞ്ഞിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായും താരം തിളങ്ങി.
ഇന്ത്യൻ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറും ഏകദിന റാങ്കിങ്ങില്‍ കാര്യമായ മുന്നേറ്റം നടത്തി. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഹര്‍മന്‍പ്രീത് കൗര്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു. നിലവില്‍ ഒമ്പതാം റാങ്കിലാണ് ഹർമൻപ്രീത്. ടി20 ബാറ്റര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം ഉയര്‍ന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ 14-ാമതാണ്.
വിക്കറ്റ് കീപ്പർ ബാറ്റര്‍ യാസ്‌തിക ഭാട്ടിയ എട്ട് സ്ഥാനങ്ങൾ ഉയർന്ന് 37-ാം റാങ്കിലെത്തി. ഓൾറൗണ്ടർ ദീപ്‌തി ശർമയും നേട്ടമുണ്ടാക്കി. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒരു സ്ഥാനം ഉയര്‍ന്ന ദീപ്‌തി 32-ാമതെത്തി. ബൗളർമാരുടെ റാങ്കിങ്ങില്‍ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ താരം 12-ാമതാണ്.
ടി20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ രേണുക സിങ്, രാധ യാദവ് എന്നിവരും മുന്നോട്ട് കയറി. യഥാക്രമം 10, 14 റാങ്കിലാണ് രേണുക സിങ്ങും രാധ യാദവുമുള്ളത്.
also read: 'എല്ലാം തികഞ്ഞവരായി ആരുമില്ല'; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെഎല്‍ രാഹുല്‍