മുംബൈ: ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ (ICC Ranking) ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്‌മാന്‍ ഗില്‍ നാലാമതെത്തി (Shubman Gill ODI Ranking). താരത്തിന്‍റെ കരിയറിലെ ഏറ്റുവും മികച്ച റാങ്കിങ്ങാണിത്. 743 റേറ്റിങ് പോയിന്‍റാണ് ഗില്ലിനുള്ളത്.
അഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ഓപ്പണർ ഫഖർ സമാൻ പൂജ്യത്തിന് പുറത്തായതാണ് ഗില്ലിന് നേട്ടമായത്. കഴിഞ്ഞ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫഖര്‍ സമാന്‍ അഞ്ചാമതെത്തി. ഇതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്ഥാന്‍റെ തന്നെ ഇമാം ഉള്‍ ഹഖ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറി.
അഫ്‌ഗാനെതിരെ പൂജ്യത്തിന് പുറത്തായെങ്കിലും 880 റേറ്റിങ് പോയിന്‍റുമായി പാക് നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ തലപ്പത്ത് തുടരുന്നത്. 777 റേറ്റിങ് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ഡസ്സനാണ് രണ്ടാം സ്ഥാനത്ത്. ഒമ്പതാമത് തുടരുന്ന വിരാട് കോലിയാണ് (Virat Kohli) പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. 705 റേറ്റിങ് പോയിന്‍റാണ് കോലിക്കുള്ളത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) 11-ാം റാങ്കില്‍ തുടരുകയാണ്. ബോളര്‍മാരുടെ പട്ടികയില്‍ അഫ്‌ഗാന്‍റെ മുജീബ് ഉര്‍ റഹ്മാന്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍, ഇന്ത്യയുടെ മുഹമ്മദ് സിറാജ്, ന്യൂസിലന്‍ഡിന്‍റെ മാറ്റ് ഹെന്‍ട്രി എന്നിവര്‍ക്ക് ഓരോ സ്ഥാനം നഷ്‌ടമായി. നിലവില്‍ റാഷിദ് നാലും സിറാജ് അഞ്ചും ഹെന്‍ട്രി ആറും സ്ഥാനത്താണ്.
ഓസീസിന്‍റെ ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് യഥാക്രമം ഒന്നും സ്ഥാനത്ത് തുടരുന്നത്. ഇന്ത്യയുടെ കുല്‍ദീപ് യാദവ് 10-ാം റാങ്കില്‍ തുടരുന്നുണ്ട്. ഏകദിനത്തിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളും മാറ്റവുമില്ല.
ALSO READ: Asia Cup 2023 India squad നാലാം നമ്പറില്‍ കേമനാര്?; ഏഷ്യ കപ്പില്‍ ഇന്ത്യയുടെ തലവേദന
റിതുരാജിന് കുതിപ്പ്: ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad ) വമ്പന്‍ കുതിച്ചുചാട്ടം നടത്തി. അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ റിതുരാജ് 143 സ്ഥാനങ്ങള്‍ ചാടിക്കടന്ന് 87-ാമതാണ് എത്തിയത് (Ruturaj Gaikwad T20I Rankings). അയര്‍ലന്‍ഡിനെതിരായ പരമ്പര കളിച്ചില്ലെങ്കിലും 889 റേറ്റിങ് പോയിന്‍റുമായി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ പന്തുകൊണ്ട് തിളങ്ങിയ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit bumrah), സ്‌പിന്നര്‍ രവി ബിഷ്‌ണോയ് എന്നിവരും നേട്ടമുണ്ടാക്കി. 17 സ്ഥാനങ്ങള്‍ ഉയര്‍ന്ന ബിഷ്‌ണോയ് 65-ാം റാങ്കിലെത്തിയപ്പോള്‍ ഏഴ് റാങ്കുകള്‍ ഉയര്‍ന്ന ബുംറ 84-ാം റാങ്കാണ് സ്വന്തമാക്കിയത്.
ബാറ്റര്‍മാരുടെയും ബോളര്‍മാരുടേയും ഓള്‍റൗണ്ടര്‍മാരുടേയും പട്ടികയില്‍ ആദ്യ പത്തില്‍ മാറ്റമില്ല. ഓള്‍ റൗണ്ടര്‍മാരില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.