ഹരാരെ: ഏകദിന ലോകകപ്പ് ക്വാളിഫയര്‍ (ICC ODI World Cup Qualifier) മത്സരങ്ങളില്‍ വെസ്‌റ്റ് ഇന്‍ഡീസിനും (West Indies) സിംബാബ്‌വെയ്‌ക്കും (Zimbabwe) ജയത്തുടക്കം. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസ് യുഎസ്‌എയെ (USA) ആണ് പരാജയപ്പെടുത്തിയത്. ആതിഥേയരായ സിംബാബ്‌വെ നേപ്പാളിനെതിരെ (Nepal) ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ എ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കാന്‍ ഇരു ടീമിനുമായി.
സീന്‍ വില്യംസിനും ക്രൈഗ് ഇര്‍വിനും സെഞ്ച്വറി: ഹരാരെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ആദ്യം ഫീല്‍ഡിങ് ആണ് തെരഞ്ഞെടുത്തത്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ നേപ്പാളിന് മികച്ച തുടക്കവും മത്സരത്തില്‍ നിന്നും ലഭിച്ചു. ഓപ്പണര്‍മാരായ കുശാൽ ഭുർടെലും (Kushal Bhurtel) ആസിഫ് ഷെയ്‌ഖും (Aasif Sheikh) സിംബാബ്‌വെന്‍ ബോളര്‍മാരെ അനായാസം നേരിട്ട് റണ്‍സ് അടിച്ചുകൂട്ടി.
ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 171 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 95 പന്തില്‍ 99 റണ്‍സ് നേടിയ ഭുര്‍ടെലിനെയും 66 റണ്‍സ് നേടിയ ആസിഫിനെയും അടുത്തടുത്ത ഓവറുകളില്‍ വെല്ലിങ്‌ടണ്‍ മസകാഡ്‌സ (Wellington Masakadza) പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയവരില്‍ 41 റണ്‍സ് നേടിയ നായകന്‍ രോഹിത് പൗഡല്‍ (Rohit Poudel), 31 റണ്‍സടിച്ച കുശാല്‍ മല്ല (Kushal Malla) എന്നിവരൊഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
ഇതോടെ നേപ്പാള്‍ ഇന്നിങ്‌സ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 290 റണ്‍സില്‍ അവസാനിച്ചു. സിംബാബ്‌വെയ്‌ക്കായി റിച്ചാര്‍ഡ് എന്‍ഗാരവ (Richard Ngarava) നാല് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനെത്തിയ സിംബാബ്‌വെയ്‌ക്ക് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു.
സെഞ്ച്വറി നേടിയ നായകന്‍ ക്രൈഗ് ഇര്‍വിനും (Craig Ervine) സീന്‍ വില്യംസും (Sean Williams) ചേര്‍ന്നാണ് ആതിഥേയര്‍ക്ക് എട്ട് വിക്കറ്റിന്‍റെ അനായാസ ജയമൊരുക്കിയത്. 45-ാം ഓവറിലാണ് സിംബാബ്‌വെ നേപ്പാള്‍ ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യം മറി കടന്നത്. ഇര്‍വിന്‍ 128 പന്തില്‍ 121 റണ്‍സും വില്യംസ് 70 പന്തില്‍ 102 റണ്‍സുമാണ് നേടിയത്.
യുഎസ്എയെ വീഴ്‌ത്തി വെസ്റ്റ് ഇന്‍ഡീസ്: ലോകകപ്പ് ക്വാളിഫയറിലെ ആദ്യ മത്സരത്തില്‍ യുഎസ്‌എയ്‌ക്കെതിരെ 39 റണ്‍സിന്‍റെ ജയമാണ് മുന്‍ ലോകചാമ്പ്യന്‍മാരായ വിന്‍ഡീസ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 297 റണ്‍സ് ആയിരുന്നു നേടിയത്.
ജോണ്‍സണ്‍ ചാള്‍സ് (66), ഷായ് ഹോപ്പ് (54), റോസ്റ്റണ്‍ ചേസ് (55), ജേസണ്‍ ഹോള്‍ഡര്‍ (56) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ അഞ്ചാമനായി ക്രീസിലെത്തിയ ഗജാനന്ദ് സിങ് ഒഴികെ മറ്റാര്‍ക്കും യുഎസ്എ നിരയില്‍ മികവ് കാട്ടാനായില്ല. 101 റണ്‍സുമായി ഗജാനന്ദ പുറത്താകാതെ നിന്നെങ്കിലും നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 258 റണ്‍സ് നേടാനെ അവര്‍ക്ക് സാധിച്ചുള്ളു.