ദുബായ്: ഏറ്റവും പുതിയ ഐസിസി പുരുഷ ടീം റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പര തൂത്തുവാരിയ ഇന്ത്യയ്‌ക്ക് 111 റേറ്റിങ്ങാണുള്ളത്. 124 റേറ്റിങ്ങോടെ ന്യൂസിലന്‍ഡും 119 റേറ്റിങ്ങോടെ ഇംഗ്ലണ്ടുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനത്ത് തുടരുന്നത്.
കിവീസുമായി രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് റേറ്റിങ്ങില്‍ അഞ്ച് പോയിന്‍റ് മാത്രമാണ് വ്യത്യാസം. നേരത്തെ ഒമ്പത് പോയിന്‍റിന് മുന്നിലായിരുന്ന കിവീസിന് വിന്‍ഡീസ് പര്യടനത്തിലെ പ്രകടനമാണ് തിരിച്ചടിയായത്. വിന്‍ഡീസിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ 2-1ന്‍റെ നേരിയ വിജയമാണ് കിവീസിന് നേടാനായത്.
നാലാം സ്ഥാനത്തുള്ള പാകിസ്ഥാന് 107 റേറ്റിങ്ങാണുള്ളത്. 101 വീതം റേറ്റിങ്ങുള്ള ഓസ്‌ട്രേലിയ അഞ്ചാമതും ദക്ഷിണാഫ്രിക്ക ആറാമതുമാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഏഴ് മുതല്‍ 10 വരെയുള്ള സ്ഥാനത്തുള്ളത്.
അതേസമയം സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത സന്ദര്‍ശകര്‍ ഉയര്‍ത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 49.3 ഓവറില്‍ 276 റണ്‍സിന് പുറത്തായി. 97 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതം 130 റൺസടിച്ച ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ച്വറിയാണ് ഇന്ത്യയ്‌ക്ക് കരുത്തായത്.
സിംബാബ്‌വെയ്‌ക്കായി സെഞ്ച്വറി പ്രകടനവുമായി സിക്കന്ദര്‍ റാസ പൊരുതിയെങ്കിലും ലക്ഷ്യം അകന്ന് നില്‍ക്കുകയായിരുന്നു. 95 പന്തില്‍ 115 റണ്‍സാണ് റാസ നേടിയത്. ക്യാപ്‌റ്റനെന്ന നിലയില്‍ കെഎല്‍ രാഹുലിന്‍റെ ആദ്യ പരമ്പര നേട്ടമാണിത്.
പരമ്പര നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കെഎല്‍ രാഹുല്‍ പറഞ്ഞു. ഒരുപാട് ആത്മവിശ്വാസം നല്‍കുന്ന പരമ്പര വിജയമാണിത്. തികഞ്ഞ പ്രൊഫഷണലിസമാണ് ആതിഥേയര്‍ പുറത്തെടുത്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.