ഹൈദരാബാദ്: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് മാച്ച് ഐസിസി മാച്ച് റഫറിയുടെ താക്കീത് ലഭിച്ചതായി റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ അനാവശ്യ സ്റ്റംപിങ്ങില്‍ ഔട്ടിനായി അപ്പീല്‍ ചെയ്‌തതിനാണ് ഇഷാന്‍ കിഷന് മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് താക്കീത് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
അമ്പയറെ കബളിപ്പിച്ച് അന്യായ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഇഷാനെതിരായ ആരോപണം. ഐസിസിയുടെ പെരുമാറ്റച്ചട്ടപ്രകാരം ലെവൽ- 3 കുറ്റമാണിതെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. നടപടിയെടുത്തിരുന്നുവെങ്കില്‍ നാല് മുതല്‍ 12 വരെ മത്സരങ്ങളില്‍ നിന്നും ഇഷാന് സസ്പെൻഷൻ ലഭിക്കുമായിരുന്നു.
സംഭവത്തില്‍ അമ്പയർമാരായ അനിൽ ചൗധരിയും നിതിൻ മേനോനും ഔദ്യോഗികമായി പരാതി നല്‍കാത്തതിനാലാകാം മാച്ച് റഫറി നടപടിയെടുക്കാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
താക്കീത് ഇഷാന്‍റെ 'ട്രോളിന്': ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ കുല്‍ദീപ് യാദവിന്‍റെ പന്ത് കിവീസ് നായകന്‍ ടോം ലാഥം പ്രതിരോധിച്ചിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ബെയില്‍സിളക്കി ഔട്ടിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. ഇതോടെ ലെഗ് അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു.
എന്താണ് സംഭവിച്ചതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ബോളര്‍ കുല്‍ദീപ് യാദവിനും ധാരണയുണ്ടായിരുന്നില്ല. ടിവി അമ്പയറുടെ പരിശോധനയില്‍ ഇഷാന്‍ കിഷന്‍ ബെയില്‍സ് മനഃപൂര്‍വം തള്ളിയിട്ടതാണെന്ന് വ്യക്തമായതോടെ നോട്ടൗട്ട് വിധിക്കുകയും ചെയ്തു.
നേരത്തെ ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഈ വിധത്തിലായിരുന്നു ടോം ലാഥം പുറത്താക്കിയത്. ഇതിന് മറുപടിയെന്നോണമാണ് ഇഷാന്‍റെ 'ട്രോള്‍'. ഹാര്‍ദിക് ബാറ്റു ചെയ്യുമ്പോള്‍ സ്റ്റംപില്‍ കൊള്ളാതെ പന്ത് വിക്കറ്റിന് പിന്നില്‍ ടോം ലാഥമിന്‍റെ കയ്യിലെത്തിയെങ്കിലും താരത്തിന്‍റെ ഗ്ലൗസ് തട്ടി ബെയ്ല്‍സ് വീണിരുന്നു.
ഇതിന് കിവീസ് അപ്പീല്‍ ചെയ്‌തതോടെ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു. പന്ത് സ്റ്റംപില്‍ കൊണ്ടില്ലെന്ന് റിപ്ലേയില്‍ കാണാമായിരുന്നുവെങ്കിലും മൂന്നാം അമ്പയര്‍ അനന്തപത്മനാഭന്‍ ഔട്ട് വിധിച്ചത് ആരാധകരെ ഞെട്ടിച്ചു. മത്സരത്തില്‍ ഇന്ത്യ 12ന് റണ്‍സിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത അതിഥേയര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 349 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കിവീസ് 49.2 ഓവറില്‍ ഓള്‍ ഔട്ടായി.
ALSO READ: IND VS NZ: റായ്‌പൂരില്‍ രോഹിത്തിന് പിഴച്ചത് അവിടെ മാത്രം; ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍