ദുബായ്: വനിത ക്രിക്കറ്റിനായുള്ള ഫ്യൂച്ചർ ടൂർ പ്രോഗ്രാം (എഫ്‌ടിപി) പ്രഖ്യാപിച്ച് ഐസിസി. ഐസിസി ഇവന്‍റുകളും ഉഭയകക്ഷി പരമ്പരകളും ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ രൂപരേഖയാണ് എഫ്‌ടിപി. ചരിത്രത്തില്‍ ആദ്യമായാണ് ഐസിസി വനിത ക്രിക്കറ്റില്‍ എഫ്‌ടിപി പ്രഖ്യാപിക്കുന്നത്.
10 ടീമുകളെ ഉള്‍പ്പെടുത്തി അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള എഫ്‌ടിപിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് മുതല്‍ 2025 ജനുവരി വരെയാണ് കാലയളവ്. ഏഴ് ടെസ്റ്റ് മത്സരങ്ങളും 135 ഏകദിനങ്ങളും 159 ടി20യും ഉൾപ്പെടുന്ന 300-ലധികം അന്താരാഷ്‌ട്ര മത്സരങ്ങളാണ് ഇക്കാലയളവില്‍ നടക്കുക.
രണ്ട് ടെസ്റ്റുകളും 24 എകദിനങ്ങളും 36 ടി20 മത്സരങ്ങളുമാണ് ഇന്ത്യന്‍ വനിതകള്‍ കളിക്കുക. 2023 ഡിസംബറില്‍ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്‌ക്കും എതിരെ ഓരോ ടെസ്റ്റ് വീതമാണ് ഇന്ത്യ കളിക്കുന്നത്. രണ്ട് മത്സരങ്ങളും ഇന്ത്യയില്‍ തന്നെയാണ് നടക്കുന്നത്.
ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളും ഇക്കാലയളവില്‍ ഇന്ത്യയില്‍ കളിക്കാനെത്തും. ഇംഗ്ലണ്ട്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ഇന്ത്യ പര്യടനം നടത്തുക.
ആദ്യ വനിത എഫ്‌ടിപിയുടെ സ്ഥിരീകരണം വനിത ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് ഐസിസി ക്രിക്കറ്റ് ജനറൽ മാനേജർ വസീം ഖാൻ പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ചിരുന്ന എഫ്‌ടിപി ഭാവി ക്രിക്കറ്റ് ടൂറുകൾക്ക് ഉറപ്പുനൽകുക മാത്രമല്ല, വരും വർഷങ്ങളിൽ വനിത ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്ക് ഉറപ്പുള്ള ഒരു അടിത്തറ സജ്ജമാക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.