പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) കരുത്ത് തെളിയിച്ച് മുന്നേറുകയാണ് അഫ്‌ഗാനിസ്ഥാന്‍ (Afghanistan). മുന്‍ ലോക ചാമ്പ്യന്മാരില്‍ ഇംഗ്ലണ്ടിനും പാകിസ്ഥാനും പിന്നാലെ ശ്രീലങ്കയാണ് അഫ്‌ഗാന്‍റെ പോരാട്ട വീര്യത്തിന് മുന്നില്‍ ഇപ്പോള്‍ വീണിരിക്കുന്നത്. പൂനെയിലെ ലങ്കയ്‌ക്കെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തി സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനും അഫ്‌ഗാനിസ്ഥാനായിട്ടുണ്ട് (Cricket World Cup 2023 Points Table).
ലോകകപ്പിന്‍റെ തന്നെ ഒരു പതിപ്പില്‍ ആദ്യമായിട്ടാണ് അഫ്‌ഗാനിസ്ഥാന്‍ ഇത്രയും ജയങ്ങള്‍ സ്വന്തമാക്കുന്നത്. ഇക്കുറി ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുന്‍പ് ഒരൊറ്റ ജയം മാത്രമായിരുന്നു ലോകകപ്പ് ചരിത്രത്തില്‍ അവര്‍ നേടിയത്. അത് തങ്ങള്‍ കളിച്ച ആദ്യ ലോകകപ്പില്‍ സ്കോട്‌ലന്‍ഡിനെതിരെയും.
കഴിഞ്ഞ ലോകകപ്പില്‍ ഒരു മത്സരം പോലും ജയിക്കാനാകാതെ മടങ്ങേണ്ടി വന്ന അഫ്‌ഗാനാണ് ഇക്കുറി പല വമ്പന്മാര്‍ക്കും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ മണ്ണില്‍ ഈ ലോകകപ്പിലെ മൂന്നാം ജയം നേടിയതിന് പിന്നാലെ തങ്ങളെ പിന്തുണയ്‌ക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി.
'ഈ ടീമിനെ കുറിച്ച് ഓര്‍ത്ത് ഇപ്പോള്‍ ഏറെ അഭിമാനമാണ് ഉള്ളത്. എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും ഇനി ഏത് വിജയലക്ഷ്യവും പിന്തുടരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം നേടാന്‍ സാധിച്ചു.
കോച്ചിങ് സ്റ്റാഫും ടീം മാനേജ്‌മെന്‍റ് അംഗങ്ങളും താരങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുന്നുണ്ട്. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് മുഖ്യ പരിശീലകന്‍ ജോനാഥന്‍ ട്രോട്ട് എന്നോട് നായകനെന്ന നിലയില്‍ മുന്നില്‍ നിന്നും നയിക്കണമെന്ന് പറഞ്ഞു. ആ വാക്കുകളാണ് എന്‍റെ ചിന്താഗതിയെ മാറ്റിയത്.
അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണയ്‌ക്കുന്ന എല്ലാവരോടും സ്നേഹം മാത്രമാണ് ഉള്ളത്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരോട് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും' ശ്രീലങ്കയ്‌ക്കെതിരായ മത്സരശേഷം ഹഷ്‌മത്തുള്ള ഷാഹിദി പറഞ്ഞു. കരിയറിലെ നൂറാം ഏകദിന മത്സരത്തിനിറങ്ങിയ റാഷിദ് ഖാനെ കുറിച്ചും അഫ്‌ഗാനിസ്ഥാന്‍ നായകന്‍ സംസാരിച്ചിരുന്നു.
'ഏറെ കഴിവുകളുള്ള ഒരു താരമാണ് റാഷിദ് ഖാന്‍. തന്‍റെ ഊര്‍ജം കൊണ്ട് ടീമിനെ ഏത് ഘട്ടത്തിലും പോസിറ്റീവായി നിലനിര്‍ത്താന്‍ റാഷിദിന് സാധിക്കാറുണ്ട്'- ഹഷ്‌മത്തുള്ള അഭിപ്രായപ്പെട്ടു.