ന്യൂഡൽഹി: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്‍റെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും മിതാലി രാജ് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഹർമൻപ്രീത് കൗറിനെ ഏകദിന ടീമിന്‍റെ ക്യാപ്‌റ്റനായി തെരഞ്ഞെടുത്തു. നേരത്തെ ഇന്ത്യയുടെ ടി20 ടീമിനെ നയിച്ചിരുന്നത് ഹർമൻപ്രീതാണ്.
മൂന്ന് ടി20 മത്സരങ്ങളും അത്രയും ഏകദിനങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ദാംബുളളയിലും കാൻഡിയിലുമാണ് മത്സരങ്ങള്‍ നടക്കുകയെന്നും ബിസിസിഐ പ്രസ്‌താവനയിൽ വ്യക്തമാക്കി. അതേസമയം 23 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറാണ് 39കാരിയായ മിതാലി അവസാനിപ്പിച്ചത്.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച വനിത ക്രിക്കറ്ററായ മിതാലി സോഷ്യല്‍ മീഡിയയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 'എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും' മിതാലി ട്വീറ്റ് ചെയ്‌തു. 12 ടെസ്റ്റുകളിലും, 232 ഏകദിനങ്ങളിലും, 89 ടി20കളിലും രാജ്യത്തെ പ്രതിനിധീകരിച്ച മിതാലി രണ്ട് തവണ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചിട്ടുണ്ട്.
also read: 'എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം; കഴിഞ്ഞ 23 വര്‍ഷങ്ങള്‍ ഏറ്റവും മികച്ചതായിരുന്നു': മിതാലി
ഇന്ത്യയുടെ ടി20 ടീം: ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റൻ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വർമ, യാസ്‌തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), എസ് മേഘ്‌ന, ദീപ്‌തി ശർമ, പൂനം യാദവ്, രാജേശ്വരി ഗയക്വാദ്, സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), പൂജ വസ്‌ത്രകർ, മേഘ്‌ന സിങ്, രേണുക സിങ്, ജെമീമ റോഡ്രിഗസ്, രാധാ യാദവ്.
ഇന്ത്യയുടെ ഏകദിന ടീം: ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റൻ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വർമ, യാസ്‌തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), എസ് മേഘ്‌ന, ദീപ്‌തി ശർമ, പൂനം യാദവ്, രാജേശ്വരി ഗയക്വാദ്, സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), പൂജാ വസ്ത്രകർ, മേഘ്‌ന സിങ്, രേണുക സിങ്, ടാനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹർലീൻ ഡിയോൾ.