ദുബായ്: ടി20 ലോകകപ്പ് ആരംഭിക്കുമ്പോള്‍ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിന് മുന്നെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
ഹാർദികിന്‍റെ ആരോഗ്യ ക്ഷമത മെച്ചപ്പെട്ട് വരുന്നുണ്ട്, പക്ഷേ പന്തെറിഞ്ഞ് തുടങ്ങാന്‍ കുറച്ച് സമയമെടുക്കും. നെറ്റ്‌സില്‍ പോലും ഹര്‍ദിക് പന്തെറിഞ്ഞ് തുടങ്ങിയിട്ടില്ല. ടൂര്‍ണമെന്‍റ് ആരംഭിക്കുമ്പോള്‍ അവന്‍ തയ്യാറായിരിക്കണം. ഞങ്ങള്‍ക്ക് മികച്ച പ്രധാന ബൗളര്‍മാരുണ്ട്. എന്നാല്‍ ആറാമതൊരു ബൗളർക്കുള്ള സാധ്യതതകള്‍ തേടുന്നതായും രോഹിത് പറഞ്ഞു.
അതേസമയം മത്സരത്തില്‍ വിരാട് കോലി ടീമിലുണ്ടെങ്കിലും രോഹിത് ശര്‍മയാണ് ഇന്ത്യയെ നയക്കുന്നത്. ആദ്യ മത്സരത്തില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇന്ന് മുഹമ്മദ് ഷമി, ജസ്പ്രിത് ബുംമ്ര എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമില്‍ ഇടം കണ്ടെത്തി.