ന്യൂഡൽഹി : മുഹമ്മദ് ആമിറിനെ പോലുള്ള താരങ്ങളെ മര്യാദ പഠിപ്പിക്കാൻ സ്കൂൾ തുറക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഹർഭജൻ സിങ്. ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെ മുൻ പാക് താരം മുഹമ്മദ് ആമിർ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിനെ കളിയാക്കി ട്വീറ്റ് ഇട്ടിരുന്നു.
ഇതിന് ചുട്ട മറുപടിനൽകി ഹർജൻ സിങ്ങും രംഗത്തെത്തിയിരുന്നു. താരങ്ങൾ തമ്മിലുള്ള തർക്കം ആരാധകർ കൂടി ഏറ്റെടുത്തതോടെ സംഭവം കൂടുതൽ ചൂടുപിടിച്ചു. ഇതിനിടെ ഒരു ടെലിവിഷൻ ചാനൽ ചർച്ചയിലാണ് ഹർഭജൻ ആമിറിനെതിരെ ആഞ്ഞടിച്ചത്.
മുതിർന്ന് ആൾക്കാരോട് എങ്ങനെ സംസാരിക്കണമെന്ന് ആമിർ പഠിക്കേണ്ടതുണ്ട്. വസീം അക്രമിനെ പോലുള്ള താരങ്ങളോട് ഇപ്പോഴും ഇന്ത്യക്കാർ വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്.
എന്നാൽ ആമിറിനെ പോലുള്ള താരങ്ങളിൽ നിന്ന് അത്തരത്തിലൊന്നും പ്രതീക്ഷിക്കുന്നില്ല. ആമിറിനെപോലുള്ള പക്വതയില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനായി സ്കൂൾ തുറക്കണമെന്ന് ഞാൻ പാകിസ്ഥാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുകയാണ്, ഹർഭജൻ പറഞ്ഞു.
ഞാനും ഷൊയ്‌ബ് അക്‌തറും തമ്മിലുള്ള സൗഹൃദ സംഭാഷണം പോലെയല്ല ഇത്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള പരിചയമുണ്ട്. എന്നാൽ ആമിര്‍ ആരാണ്. ഒരിറ്റ് ബഹുമാനം അർഹിക്കാത്തയാളാണ്. ക്രിക്കറ്റിനെ അയാൾ കളങ്കപ്പെടുത്തി. പണത്തിന് വേണ്ടി സ്വന്തം രാജ്യത്തെവരെ ഒറ്റുകൊടുത്തു.
രാജ്യത്തിനായി ആകെ പത്ത് മത്സരം കളിച്ച് പണത്തിനായി രാജ്യത്തെ ഒറ്റുകൊടുത്തവൻ. ലോർഡ്‌സിലെ മത്സരത്തിനിടെ ഒത്തുകളിച്ച് നോബോളുകളെറിഞ്ഞ് പണം സമ്പാദിച്ച ആമിറിന്‍റെ ട്വീറ്റുകളോട് ഞാൻ പ്രതികരിച്ചത് തന്നെ തെറ്റാണ്, ഹർഭജൻ കൂട്ടിച്ചേർത്തു.
ALSO READ : ടീം ഇന്ത്യയ്ക്ക് ആശ്വാസം ; നെറ്റ്സിൽ പന്തെറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ
ഇംഗ്ലണ്ടിനെതിരായ 2010 ലോർഡ്‌സ് ടെസ്റ്റിൽ ആമിർ അടക്കമുള്ള 3 പാകിസ്ഥാൻ താരങ്ങൾ ഒത്തുകളിച്ചെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കണ്ടെത്തിയിരുന്നു. അന്ന് 19 വയസുകാരനായിരുന്ന ആമിറിനെ ഐസിസി സമിതി 5 വർഷത്തേക്ക് വിലക്കി.
തുടർന്ന് 2016ൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം 2020 ഡിസംബറിൽ വിരമിക്കൽ പ്രഖ്യാപിച്ചു.