ഇംഗ്ലണ്ട് -ന്യൂസിലന്‍ഡ് (England vs New Zealand) പോരാട്ടത്തോടെ ഇന്ന് (ഒക്‌ടോബര്‍ 5) ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ടീം ഇന്ത്യയുടെ 'എക്‌സ്-ഫാക്‌ടര്‍' പ്ലെയര്‍ സൂര്യകുമാര്‍ യാദവാണെന്ന് മുന്‍താരം ഹര്‍ഭജന്‍ സിങ് (Harbhajan Singh On Team India's X Factor Player In CWC 2023). ഈ ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് സൂര്യകുമാര്‍ യാദവെന്നും ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു (Harbhajan Singh On Suryakumar Yadav). ഇന്ത്യയിലെ ഒരു പ്രമുഖ ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിലൂടെയായിരുന്നു ഹര്‍ഭജന്‍ സിങ്ങിന്‍റെ പ്രതികരണം.
ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ടി20 ക്രിക്കറ്റിലെ പ്രകടനങ്ങള്‍ ഏകദിനത്തില്‍ നടത്താന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് താരത്തെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നത്.
എന്നാല്‍, ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അര്‍ധസെഞ്ച്വറിയായിരുന്നു ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ നേടിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലോകകപ്പില്‍ സൂര്യയുടെ പ്രകടനങ്ങള്‍ ടീം ഇന്ത്യയ്‌ക്ക് ഗുണകരമാകുമെന്ന അഭിപ്രായവുമായി ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയിരിക്കുന്നത്.
'സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനങ്ങള്‍ കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്. ഈ ലോകകപ്പില്‍ അവനാണ് ടീം ഇന്ത്യയുടെ എക്‌സ് ഫാക്‌ടര്‍. മത്സരങ്ങള്‍ മാത്രമായിരിക്കില്ല ഒരുപക്ഷെ ഇന്ത്യയ്‌ക്കായി ലോകകപ്പ് പോലും അവന്‍ വിജയിപ്പിക്കും.
ഞാനായിരുന്നു ഒരു സെലക്ടര്‍ എങ്കില്‍ എന്‍റെ ടീമില്‍ ക്യാപ്‌റ്റന്‍ കഴിഞ്ഞുള്ള രണ്ടാമത്തെ സ്ഥാനം സൂര്യകുമാറിനാകും നല്‍കുന്നത്. സാധാരണ ഗെയിം കളിക്കുന്നതില്‍ മറ്റുള്ള താരങ്ങളെപ്പോലെ തന്നെ മികച്ച ഒരാളാണ് ഹാര്‍ദിക് പാണ്ഡ്യയും. എങ്കിലും ഞാന്‍ ടീം മാനേജ്‌മെന്‍റിലുണ്ടായിരുന്നെങ്കില്‍ സൂര്യയെ ആയിരിക്കും കളിപ്പിക്കുക. ഇവിടെ അവന് അവസരം ലഭിക്കുമോ ഇല്ലയോ എന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്.
ഇപ്പോള്‍ ഉള്ള താരങ്ങളില്‍ ഞാന്‍ പന്ത് എറിയാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. അവന്‍റെ ബാറ്റിങ് കാണുമ്പോള്‍ പലപ്പോഴും എനിക്ക് എ ബി ഡിവില്ലിയേഴ്‌സിനെയാണ് ഓര്‍മ വരുന്നത്. അതുപോലുള്ള താരങ്ങളെയാണ് നമുക്ക് ആവശ്യവും.
ഒരു മത്സരത്തില്‍ നിറം മങ്ങിയാല്‍പ്പോലും ഞാന്‍ അവന് വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കും. ടീമിലെ മറ്റൊരു പ്രധാന താരം ശുഭ്‌മാന്‍ ഗില്ലാണ്. ഈ ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം തന്നെ ഗില്ലും പുറത്തെടുക്കും'- ഹര്‍ഭജന്‍ സിങ് പറഞ്ഞു.