ക്രിക്കറ്റ് ജീവിതത്തിൽ സുപർണ ലിപികളാൾ എഴുതിച്ചേർത്ത 23 വർഷങ്ങൾ പൂർത്തിയാക്കി ഇന്ത്യയുടെ 'ഭാജി' ഹർഭജൻ സിങ് ക്രിക്കറ്റ് ലോകത്തോട് വിട ചൊല്ലി. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓഫ് സ്‌പിന്നറായ ഹർഭജൻ ഇന്ത്യൻ ടീമിന്‍റെ സുവർണ കാലഘട്ടത്തിലെ താരങ്ങളിൽ കളിക്കളത്തിൽ സജ്ജീവമായി നിന്ന ഏക താരം കൂടിയായിരുന്നു.
കുട്ടിക്കാലത്ത് ബാറ്റിങ്ങിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഹർഭജനെ തന്‍റെ പരിശീലകൻ ദവീന്ദർ അറോറയാണ് സ്‌പിൻ ബൗളിങ്ങിലേക്ക് തിരിച്ചുവിട്ടത്. ഇതിന് പിന്നാലെയാണ് ഹർഭജൻ സിങ് എന്ന സ്‌പിൻ ഇതിഹാസം ഉദയം ചെയ്‌തത്. അണ്ടർ 19 മത്സരങ്ങളിലേയും, രഞ്ജ ട്രോഫി മത്സരങ്ങളിലേയും മികച്ച പ്രകടനം താരത്തിന് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വഴി തുറന്നു.
1998 മാർച്ചിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഹർഭജൻ അതേ വർഷം ഏപ്രിലിൽ ന്യൂസിലൻഡിനെതിരെ ഏകദിനത്തിലും അരങ്ങേറി. 2006 ൽ ദക്ഷിണാഫ്രിക്കക്കെതിരെ ടി20 അരങ്ങേറ്റവും നടന്നു. 2007 ലെ ടി20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ടീമിലെ അംഗമാകാനും മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കാനും ഹർഭജന് സാധിച്ചു.
ഓഫ് സ്‌പിൻ വിസ്‌മയം
2001ൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ റിക്കി പോണ്ടിങ്, ആദം ഗിൽക്രിസ്റ്റ്, ഷെയ്‌ൻ വോണ്‍ എന്നിവരെ പുറത്താക്കി ടെസ്റ്റിൽ ഇന്ത്യൻ താരത്തിന്‍റെ ആദ്യ ഹാട്രിക്ക് നേട്ടവും ഭാജി തന്‍റെ പേരിൽ എഴുതിച്ചേർത്തു. അന്ന് മൂന്ന് മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റുകളാണ് ഹർഭജൻ എറിഞ്ഞിട്ടത്.
ടെസ്റ്റിൽ 103 മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളും, ഏകദിനത്തിൽ 236 മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റുകളും ടി20യി 28 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റും താരം വീഴ്‌ത്തിയിട്ടുണ്ട്. ടെസ്റ്റിൽ 25 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും താരം നടത്തിയിട്ടുണ്ട്.
ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് വീഴ്‌ത്തിയ നാലാമത്തെ ബ1ളറാണ് ഹർഭജൻ. ടെസ്റ്റിൽ 400 വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും ഹർഭജനാണ്. 31 വയസും 4 ദിവസവും പ്രായമുള്ളപ്പോഴാണ് ഹർഭജൻ ഈ നേട്ടത്തിലേക്കെത്തിയത്.
ബാറ്റിങ്ങിലും മിന്നി
ബൗളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും പല ഘട്ടത്തിലും ഇന്ത്യൻ ടീമിന്‍റെ രക്ഷകനായി ഹർഭജൻ എത്തിയിട്ടുണ്ട്. അവസാന ഘട്ടങ്ങളിൽ തകർത്തടിക്കാനുള്ള താരത്തിന്‍റെ കഴിവ് പല മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
ടെസ്റ്റിൽ 145 ഇന്നിങ്സുകളിൽ നിന്ന് രണ്ട് സെഞ്ച്വറിയുടേയും ഒൻപത് അർധസെഞ്ച്വറിയുടേയും മികവിൽ 2224 റണ്‍സ് ഹർഭജൻ അടിച്ച് കൂട്ടിയിട്ടുണ്ട്. ഏകദിനത്തിൽ 1237 റണ്‍സും ടി20യിൽ 108 റണ്‍സും താരം നേടിയിട്ടുണ്ട്.
ഐപിഎല്ലിൽ നിറസാന്നിധ്യം
അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരം നഷ്‌ടപ്പെട്ട് തുടങ്ങിയപ്പോഴും ഐപിഎല്ലിൽ ഹർഭജൻ സജ്ജീവ സാന്നിധ്യമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്‌ച വെച്ചത്.
163 ഐപിഎല്ലുകളിൽ നിന്നായി 7.8 ഇക്കണോമിയിൽ 150 വിക്കറ്റുകളാണ് ഹർഭജൻ എറിഞ്ഞിട്ടത്. ഇതിൽ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉൾപ്പെടുന്നു. മുംബൈ ഇന്ത്യൻസിലൂടെയാണ് ഭാജിയുടെ ഐപിഎൽ കരിയർ ആരംഭിച്ചത്. അവസാന സീസണിൽ കൊൽക്കത്തക്കൊപ്പമാണ് കളിച്ചത്. എന്നാൽ ഒരു മത്സരം പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
അടിയും, തെറിയും വിവാദങ്ങളും..
കളിക്കളത്തിൽ ഒട്ടേറെ വിവാദങ്ങളിലും താരം ചെന്ന് പെട്ടിട്ടുണ്ട്. 2008 ൽ ഓസീസിന്‍റെ ആണ്‍ഡ്രൂ സിമ്മണ്‍സിനെതിരെയുള്ള മങ്കിഗേറ്റ് വിവാദം അക്കാലത്ത് ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയിരുന്നു. ഐപിഎൽ മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് പരസ്യമായി മലയാളി താരം ശ്രീശാന്തിന്‍റെ കരണത്തടിച്ചതും ഇന്നും ക്രിക്കറ്റ് ചരിത്രത്തിൽ മായതെ നിൽക്കുന്നുണ്ട്.