മുംബൈ : മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഫോം വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. 2019 ന് ശേഷം സെഞ്ച്വറി നേടാനാകാതെ, കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോലി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നത് വരെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ നിർദേശവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സെയ്‌ദ് കിർമാനി. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് തിരിച്ചുവരിക എന്നത് അത്ര മോശം കാര്യമൊന്നുമല്ലെന്നും കിർമാനി കൂട്ടിച്ചേർത്തു.
'ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരികെ പോയി ഫോം കണ്ടെത്തുകയാണ് കോലി ചെയ്യേണ്ടത്. അത് മോശം കാര്യമല്ല. ക്രിക്കറ്റിൽ ഇപ്പോൾ അവസരത്തിനായുള്ള മത്സരത്തിന്‍റെ സമയമാണ്. കുറച്ച് ഇന്നിങ്‌സുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നാൽ എത്ര പരിചയസമ്പത്തുള്ള താരമായാലും സെലക്ഷൻ കമ്മിറ്റി ഇടപെടണം. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കുക. അപ്പോൾ ടീമിലേക്ക് പരിഗണിക്കാം എന്നാണ് പറയേണ്ടത്. ഇത് പക്ഷേ കോലിയുടെ കാര്യത്തിൽ എന്തുകൊണ്ട് സംഭവിക്കുന്നില്ല' - കിർമാനി വ്യക്‌തമാക്കി.
ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ കോലിക്ക് പരിക്കും വില്ലനായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ കോലി കളിച്ചിരുന്നില്ല. 14, 17 തീയതികളിൽ നടക്കുന്ന ഏകദിനങ്ങൾക്കായി കോലി ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.