മൂംബൈ : ഐപിഎല്ലിന്‍റെ 15ാം സീസണിന് ശനിയാഴ്‌ച ആരവം ഉണരുകയാണ്. കഴിഞ്ഞ 14 സീസണുകളിലായി പല താരങ്ങളും തങ്ങളുടെ മുദ്ര പതിപ്പിക്കുന്നതിനുള്ള വലിയ വേദിയായാണ് ഐപിഎല്ലിനെ ഉപയോഗപ്പെടുത്തിയത്. 2022 സീസൺ ആരംഭിക്കുമ്പോഴും ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കാം.
ഇത്തരത്തില്‍ അരങ്ങേറ്റ സീസണില്‍ നിര്‍ണായകമാവുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് താരങ്ങള്‍.
ഡെവാള്‍ഡ് ബ്രെവിസ് : ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്‍റെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ലോകം ചൂണ്ടിക്കാട്ടുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ്. അടുത്തിടെ സമാപിച്ച അണ്ടര്‍ 19 ലോകകപ്പില്‍ ടോപ് സ്‌കോററായിരുന്നു. ടൂര്‍ണമെന്‍റില്‍ 506 റണ്‍സാണ് ബ്രെവിസ് അടിച്ചുകൂട്ടിയത്.
ഇതോടെ അണ്ടർ 19 ലോകകപ്പ് ടൂർണമെന്‍റിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും ബ്രെവിസ് സ്വന്തമാക്കി. 2004ല്‍ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്‍ നേടിയ 505 റൺസിന്‍റെ റെക്കോഡാണ് താരം മറികടന്നത്. ടൂര്‍ണമെന്‍റില്‍ ഏഴ് വിക്കറ്റ് വീഴ്‌ത്താനും ബ്രെവിസിനായിരുന്നു.
സീനിയര്‍ ടീമിനായി ഇതേവരെ കളിച്ചിട്ടില്ലെങ്കിലും ഇക്കുറി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 18കാരനായ താരം അരങ്ങേറ്റം കുറിക്കും.
രാജ്‌വര്‍ദ്ധൻ ഹംഗാർഗേക്കർ : മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ജില്ലയിൽ നിന്നുള്ള രാജ്‌വര്‍ദ്ധൻ ഹംഗാർഗേക്കറെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സാണ് സ്വന്തമാക്കിയത്. മീഡിയം പേസറും വലംകൈയ്യൻ ബാറ്ററുമാണ് താരം. ഈ വർഷം ആദ്യം വെസ്റ്റ് ഇൻഡീസിൽ നടന്ന അണ്ടർ 19 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ ഹംഗാർഗേക്കര്‍ക്കായിരുന്നു.
ടൂര്‍ണമെന്‍റില്‍ സിക്‌സുകള്‍ അടിച്ചുകൂട്ടിയ താരത്തിന്‍റെ മികവ് ഏവരേയും ആകർഷിച്ചിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് ടൂർണമെന്‍റിന്‍റെ ആദ്യ ഭാഗം നഷ്ടമാകാൻ പോകുന്ന പേസർ ദീപക് ചാഹറിന് അനുയോജ്യമായ പകരക്കാരനാകാൻ 19-കാരന് കഴിയും. മഹാരാഷ്ട്രയ്ക്ക് വേണ്ടി അഞ്ച് ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചിട്ടുള്ള ഹംഗാർഗേക്കറിന് ചെന്നൈയ്‌ക്കായി ഒരു 'ഫിനിഷറുടെ' റോളും നിർവഹിക്കാനാകും.
യാഷ് ധുല്‍ : ഇന്ത്യയെ അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച യാഷ് ധുല്‍ മികച്ച വലംകൈയ്യൻ ബാറ്ററും ഓഫ് ബ്രേക്ക് ബൗളറുമാണ്. ഡല്‍ഹി ക്യാപിറ്റല്‍സാണ് 19 കാരനായ താരത്തെ സ്വന്തമാക്കിയത്. രഞ്‌ജി ട്രോഫി അരങ്ങേറ്റ മത്സരത്തിന്‍റെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി കണ്ടെത്തിയ താരം മിന്നിയിരുന്നു.
അണ്ടർ 19 ലോകകപ്പിന്‍റെ സെമിഫൈനലിൽ സെഞ്ച്വറി കണ്ടെത്താനും മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ക്ക് കഴിഞ്ഞിരുന്നു. യൂത്ത് കരിയറില്‍ എട്ട് ഏകദിനങ്ങളില്‍ നിന്നായി 281 റൺസും താരം നേടിയിട്ടുണ്ട്.
അഭിനവ് മനോഹർ : ഹാര്‍ഡ് ഹിറ്റിങ്ങ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററാണ് കർണാടക താരമായ അഭിനവ് മനോഹർ. പവർ ഗെയിമിന് പേരുകേട്ട 27കാരനെ ഒരു പിഞ്ച് ഹിറ്ററായും ഉപയോഗിക്കാം. ഐപിഎല്ലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് താരത്തെ 2.60 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കായി മികച്ച പ്രകടനം നടത്താന്‍ അഭിനവ് മനോഹറിന് കഴിഞ്ഞിരുന്നു. ലെഗ് സ്പിന്നറായും താരം കളിക്കാറുണ്ട്.
റോവ്മാൻ പവൽ : ജമൈക്കയുടെ ഹാര്‍ഡ് ഹിറ്റര്‍ ബാറ്ററും മീഡിയം പേസറുമാണ് റോവ്മാൻ പവൽ. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ തന്‍റെ ആദ്യ ടി20 സെഞ്ച്വറി നേടിയ താരം വരവറിയിച്ചിരുന്നു. 75 ലക്ഷം അടിസ്ഥാന വിലയിട്ടിരുന്ന വിന്‍ഡീസ് താരത്തെ 2.80 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്.
ഡല്‍ഹിക്ക് ഫിനിഷറുടെ റോളിലും റോവ്മാൻ പവലിനെ ഉപയോഗിക്കാനാവും. അതേസമയം 2017ല്‍ താരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലെത്തിച്ചിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. 2018ല്‍ അണ്‍സോള്‍ഡായിരുന്നു.