മുംബൈ : ഏകദിന ലോകകപ്പില്‍ വെറ്ററന്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിങ്ങനെ ഒരുപിടി താരങ്ങളുണ്ടെങ്കിലും രോഹിത്തിന്‍റേയും കോലിയുടേയും അനുഭവസമ്പത്ത് ഇന്ത്യയ്‌ക്ക് പ്രധാനമാണെന്ന് ഗംഭീർ പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെയാണ് ഗംഭീറിന്‍റെ പ്രതികരണം.
"ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് നങ്കൂരമിട്ട് കളിക്കുന്ന ഒരു താരത്തെ നിങ്ങള്‍ക്ക് ആവശ്യമുള്ളത്. ടി20 ക്രിക്കറ്റിൽ അങ്ങനെയൊരു കളിക്കാരനെ ആവശ്യമില്ലതാനും. ഇവിടെയാണ് വിരാട് കോലിയുടേയും രോഹിത് ശർമയുടെയും അനുഭവ സമ്പത്ത് ഇന്ത്യയ്‌ക്ക് പ്രധാനമാവുന്നത്.
ഏറെ സ്വാധീനം ചെലുത്താനാവുന്ന ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. എന്നാല്‍ അവർ ആദ്യ ലോകകപ്പാണ് കളിക്കുന്നതെന്ന കാര്യം മറക്കരുത്" - ഗംഭീര്‍ പറഞ്ഞു. ഈ ലോകകപ്പിൽ വിരാട് കോലിയുടെ പങ്ക് വളരെ പ്രധാനമാണെന്ന് വ്യക്തിപരമായി തോന്നുന്നുവെന്നും 41കാരനായ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നൊരുക്കം; രഞ്ജിയില്‍ കളിക്കാന്‍ രവീന്ദ്ര ജഡേജ
ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുക. ഇന്ത്യയാണ് ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് രോഹിത്തും സംഘവും.