കറാച്ചി: ഇന്ത്യന്‍ സ്‌പീഡ് സ്റ്റാര്‍ ഉമ്രാൻ മാലിക്കിനെ പരിഹസിച്ച് പാകിസ്ഥാന്‍റെ മുന്‍ ബോളര്‍ സൊഹൈൽ ഖാൻ. ഉമ്രാന്‍ ഖാന്‍റെ വേഗത്തില്‍ പന്തെറിയുന്ന നിരവധി താരങ്ങള്‍ പാകിസ്ഥാനില്‍ ടേപ്പ്-ബോൾ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നാണ് സൊഹൈൽ ഖാൻ പറയുന്നത്. പാകിസ്ഥാന്‍റെ ആഭ്യന്തര ക്രിക്കറ്റിലൂടെ കടന്നുവരുന്ന ബോളര്‍മാര്‍ മികച്ചവരാകുമെന്നും സൊഹൈൽ ഖാൻ അഭിപ്രായപ്പെട്ടു.
"ഈ ഉമ്രാന്‍ മാലിക് ഒരു നല്ല ബോളറാണ്. ഒന്ന് രണ്ട് മത്സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവൻ വേഗത്തിൽ ഓടുന്നു, മറ്റ് കാര്യങ്ങളും പരിശോധിച്ചു. പക്ഷേ, മണിക്കൂറിൽ 150-155 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള ഫാസ്റ്റ് ബോളർമാരെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, പാകിസ്ഥാനില്‍ ടേപ്പ്-ബോൾ ക്രിക്കറ്റ് കളിക്കുന്ന 12-15 കളിക്കാരെങ്കിലുമുണ്ട്. ലാഹോർ ക്വാലാന്‍ഡേഴ്‌സ് സംഘടിപ്പിക്കുന്ന ട്രയല്‍സില്‍ മാത്രം ഇത്തരത്തിലുള്ള നിരവധി കളിക്കാരാണ് പങ്കെടുക്കുന്നത്". സൊഹൈൽ ഖാൻ പറഞ്ഞു.
ഷഹീൻ ഷാ അഫ്രീദിയെപ്പോലുള്ള പേസര്‍മാര്‍ പാകിസ്ഥാന്‍റെ ആഭ്യന്തര ക്രിക്കറ്റിന്‍റെ മികവിന് ഉദാഹരണമാണെന്നും സൊഹൈൽ കൂട്ടിച്ചേര്‍ത്തു. "ഞങ്ങളുടെ ആഭ്യന്തര ക്രിക്കറ്റില്‍ ഉമ്രാന്‍ മാലിക്കിനെപ്പോലുള്ള ബോളര്‍മാര്‍ നിറഞ്ഞിരിക്കുകയാണ്. അതുവഴി കടന്നുവരുന്ന ബോളര്‍മാര്‍ മികച്ചവരായിരിക്കും. ഷഹീൻ, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരെപ്പോലെയുള്ളര്‍ ഉദാഹരണമാണ്. ഇനിയും ധാരാളം പേരുകൾ നൽകാൻ എനിക്ക് കഴിയും". 38കാരനായ സൊഹൈൽ പറഞ്ഞു.
ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരമെന്ന ഇതിഹാസ പേസർ ഷോയ്ബ് അക്തറിന്‍റെ റെക്കോഡ് തകര്‍ക്കാന്‍ മെഷീനുകള്‍ക്ക് മാത്രമേ സാധിക്കൂവെന്നും സൊഹൈൽ ഖാൻ അഭിപ്രായപ്പെട്ടു. "ഷോയ്‌ബ് അക്തറിന്‍റെ റെക്കോർഡ് തകർക്കാൻ ഒന്നിന് മാത്രമേ കഴിയൂ. അതിനെ ബോളിങ് മെഷീൻ എന്ന് വിളിക്കുന്നു.
ഒരു മനുഷ്യനും ഒരിക്കലും അത് ചെയ്യാൻ കഴിയില്ല. കാരണം, അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിന്‍റെ അളവ് അത്രയും ഏറെയാണ്. ഞാന്‍ ആഴ്ചയില്‍ 10 റൗണ്ട് ഓടിയിരുന്നപ്പോള്‍ ഒരു ദിവസം മാത്രം 32 റൗണ്ടുകളാണ് ഷോയ്‌ബ് പൂര്‍ത്തിയാക്കിയിരുന്നത്. കാലുകളില്‍ കെട്ടിയ ഭാരവുമായി അവൻ പർവതങ്ങളിൽ വരെ ഓടിക്കയറുമായിരുന്നു" സൊഹൈൽ ഖാൻ കൂട്ടിച്ചേര്‍ത്തു.
ALSO READ: 'ഏറ്റവും മനോഹരമായ പുഷ്‌പം'; മകള്‍ക്കും മരുമകനും ആശംസകള്‍ നേര്‍ന്ന് ഷാഹിദ് അഫ്രീദി