മീററ്റ് : ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ പ്രവീണ്‍ കുമാറും മകനും കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ചൊവ്വാഴ്‌ച രാത്രിയോടെ മീററ്റ് കമ്മിഷണറുടെ വസതിക്ക് സമീപമാണ് അപകടം നടന്നത്. ബാഗ്പത് റോഡിലെ മുള്‍ട്ടാന്‍ നഗറിലാണ് പ്രവീണ്‍ കുമാര്‍ താമസിക്കുന്നത്. പാണ്ഡവ് നഗറിൽ നിന്ന് തിരികെ വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അപകടം സംഭവിക്കുന്നത്.
പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന എസ്‌യുവിയിലേക്ക് അമിത വേഗതയില്‍ എത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. താരത്തിനും മകനും കാര്യമായി പരിക്കേറ്റിട്ടില്ല. എന്നാല്‍ കാറിന് വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദൈവാനുഗ്രഹത്തിനാലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
"ഇത് വളരെ മോശമാകുമായിരുന്നു. ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് കുഴപ്പമില്ല. അതുകൊണ്ട് മാത്രമാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. ദൈവത്തിന് നന്ദി. ഇത് ഒരു വലിയ കാറായിരുന്നു, അല്ലെങ്കിൽ പരിക്കുകൾ ഉണ്ടാകുമായിരുന്നു. ബമ്പർ മാത്രമാണ് തകര്‍ന്നതെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്" - പ്രവീണ്‍ കുമാര്‍ പറഞ്ഞു.
നേരത്തെ 2007-ലും പ്രവീണ്‍ കുമാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതിന് നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തിനിടെ തുറന്ന ജീപ്പില്‍ നിന്ന് പ്രവീണ്‍ താഴേക്ക് വീഴുകയായിരുന്നു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്കായി വലങ്കയ്യന്‍ പേസറായ പ്രവീണ്‍ കുമാര്‍ കളിച്ചിട്ടുണ്ട്.
2007 മുതൽ 2011 വരെയുള്ള കാലയളവിലാണ് താരം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.68 ഏകദിനങ്ങളിൽ നിന്ന് 77 വിക്കറ്റ് വീഴ്ത്താന്‍ പ്രവീണ്‍ കുമാറിന് കഴിഞ്ഞിട്ടുണ്ട്.ആറ് ടെസ്റ്റുകളില്‍ നിന്ന് 27 വിക്കറ്റുകളും പത്ത് ടി20 മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകളുമാണ് താരത്തിന്‍റെ സമ്പാദ്യം. മികച്ച രീതിയില്‍ പന്ത് സ്വിങ് ചെയ്യാന്‍ കഴിവുണ്ടായിരുന്ന പ്രവീണ്‍ കുമാര്‍ 2008-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്‍റെ കോമൺവെൽത്ത് ബാങ്ക് സീരീസ് വിജയത്തിൽ നിര്‍ണായ പങ്ക് വഹിച്ചിരുന്നു.
അതേസമയം പ്രവീൺ കുമാറിനേറ്റ അപകടം കഴിഞ്ഞ വർഷം ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ഭയാനകമായ കാർ അപകടത്തിന്‍റെ ഓർമ്മകളാണ് തിരികെ കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബർ 30-ന് പുലര്‍ച്ചെ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് പന്തിന്‍റെ ആഡംബര കാർ അപകടത്തില്‍പ്പെടുന്നത്.
25-കാരനായ പന്ത് ഓടിച്ചിരുന്ന ആഡംബര കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി തീ പിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചപ്പോള്‍ വളരെ അത്ഭുതകരമായാണ് പന്ത് രക്ഷപ്പെട്ടത്. ആദ്യം ഡെറാഡൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കായി മുംബൈയിലെ കോകില ബെന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ALSO READ: 'സ്റ്റോക്‌സിന്‍റെ ആ കഴിവ് ധോണിയുടേതിന് സമം' ; താരതമ്യവുമായി റിക്കി പോണ്ടിങ്
പരിക്കേറ്റ കാല്‍മുട്ടിലെ ലിഗ്‌മെന്‍റിനുള്ള ശസ്‌ത്രക്രിയ ഇവിടെ വച്ച് രണ്ട് ഘട്ടമായി പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ് താരം. എന്നാല്‍ ഓഗസ്റ്റ് - സെപ്‌റ്റംബര്‍ മാസങ്ങളിലായി നടക്കുന്ന ഏഷ്യ കപ്പിലും തുടര്‍ന്ന് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും പന്തിന് കളിക്കാന്‍ കഴിയുമോയെന്ന് വ്യക്തമല്ല.