സിഡ്‌നി : ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന തൊപ്പി (Baggy Green Cap) സൂക്ഷിച്ചിരുന്ന ബാഗ് മോഷണം പോയതായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണര്‍ (David Warner Loses Test Cap And Backpack). നാളെ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനായി കളത്തിലിറങ്ങാന്‍ ഇരിക്കുന്നതിനിടെയാണ് താരത്തിന്‍റെ തൊപ്പിയും ബാഗും നഷ്‌ടപ്പെട്ടിരിക്കുന്നത് (David Warner Farewell Test). ഇക്കാര്യം വ്യക്തമാക്കി തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ തൊപ്പി കൈവശമുള്ളവര്‍ അത് തിരികെ നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
മെല്‍ബണിലെ ജയത്തിന് പിന്നാലെയാണ് ഓസ്‌ട്രേലിയ പരമ്പരയിലെ അവസാന മത്സരത്തിനായി സിഡ്‌നിയിലേക്ക് എത്തിയത്. ഈ യാത്രയ്‌ക്കിടെയാണ് തന്‍റെ തൊപ്പിയും ബാഗും നഷ്‌ടപ്പെട്ടതെന്ന് ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി. ടീം സഞ്ചരിച്ച വിമാനത്തിലെയും തങ്ങിയ ഹോട്ടലിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും യാതൊന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍, തൊപ്പിയും ബാഗും കൈവശമുള്ളവര്‍ തിരികെ നല്‍കുമെന്നാണ് വിശ്വാസമെന്നും അതിലാണ് തന്‍റെ അവസാന പ്രതീക്ഷയെന്നും വാര്‍ണര്‍ അഭിപ്രായപ്പെട്ടു.
തന്‍റെ തൊപ്പിയും ബാഗും കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയ വാര്‍ണര്‍, അത് തിരികെ നല്‍കുന്ന വ്യക്തിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നും പറഞ്ഞിട്ടുണ്ട്. തൊപ്പിയും ബാഗും കൈവശമുള്ളവര്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെയോ (Cricket Australia) അല്ലെങ്കില്‍ എയര്‍ലൈനായ ക്വാന്‍റസിനെയോ (QANTAS) ബന്ധപ്പെടണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. ബാഗി ഗ്രീന്‍ കാപ്പും ബാഗും തിരികെ നല്‍കിയാല്‍ തന്‍റെ കൈവശമുള്ള സാധനങ്ങളില്‍ മറ്റെന്തെങ്കിലും നല്‍കാമെന്നും താരം പറഞ്ഞിട്ടുണ്ട്.
Also Read : നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന്‍റെ ഹീറോ, വിവാദങ്ങള്‍ 'ഉലച്ച' കരിയര്‍ ; ഡേവിഡ് വാര്‍ണര്‍ കളി മതിയാക്കുമ്പോള്‍
നാളെ (ജനുവരി 3) സിഡ്‌നിയിലാണ് ഓസ്‌ട്രേലിയ പാകിസ്ഥാന്‍ പരമ്പരയിലെ അവസാന ടെസ്റ്റും ഡേവിഡ് വാര്‍ണറുടെ വിരമിക്കല്‍ മത്സരവും ആരംഭിക്കുന്നത് (Australia vs Pakistan 3rd Test). ആദ്യ രണ്ട് മത്സരവും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. പെര്‍ത്തിലെ ആദ്യ കളിയില്‍ 360 റണ്‍സിനും മെല്‍ബണിലെ രണ്ടാം മത്സരത്തില്‍ 79 റണ്‍സിന്‍റെയും ജയമാണ് കങ്കാരുപ്പട നേടിയത്.
ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡ് (Australia Squad For 3rd Test Against Pakistan): ഡേവിഡ് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍, കാമറൂൺ ഗ്രീൻ, സ്കോട്ട് ബോളണ്ട്.